പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ പൂർണ സഹകരണവും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുണ്ട്. ബിജെപിയും നിയമസഭയിൽ പ്രമേയത്തെ പിന്തുണച്ചിരുന്നു. അണ്ണാ ഡിഎംകെ അൻപത് ലക്ഷം രൂപയും പദ്ധതിക്കായി നൽകി. ഡിഎംകെ എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സഹായ ഫണ്ടിലേക്ക് കൈമാറിയിട്ടുണ്ട്
ചെന്നൈ: സാമ്പത്തിക പ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്കെത്തിയ ശ്രീലങ്കയിലെ (Srilanka) ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നൽകാനായി തമിഴ്നാട്ടിൽ (Tamil Nadu) ഭക്ഷണ, സഹായ കിറ്റുകൾ ഒരുങ്ങുന്നു. എൺപത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യവസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്കായി അയക്കാൻ തമിഴ്നാട്ടിൽ നിന്ന് സംഭരിച്ചത്. നാൽപ്പതിനായിരം ടൺ അരി, 500 ടൺ പാൽപ്പൊടി, 30 ടൺ ജീവൻ രക്ഷാ മരുന്നുകൾ, പയറുവർഗ്ഗങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ എന്നിവയാണ് അയക്കുന്നത്.
ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോൾ പുരോഗമിക്കുകയാണ്. കടത്തുകൂലി ഉൾപ്പെടെ 134 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സാമൂഹിക അരാജകത്വത്തിലേക്കെത്തിയ ശ്രീലങ്കയിൽ ഒരു കിലോഗ്രാം അരിയുടെ വില 450 ശ്രീലങ്കൻ രൂപ (128 ഇന്ത്യൻ രൂപ) വരെയാണ്. ഒരു ലിറ്റർ പാലിന്‍റെ വിലയാകട്ടെ 270 ശ്രീലങ്കൻ രൂപയും (75 ഇന്ത്യൻ രൂപ). ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഭക്ഷണത്തിനായി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കാനും ആയുധമെടുക്കാനും വരെ മുതിരുന്ന നിലയാണ് ദ്വീപ് രാഷ്ട്രത്തിലുള്ളത്.
undefined
യുദ്ധകാലത്തേതിന് സമാനമായ ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കയിലേക്ക്ക്ക് ഭക്ഷണവും മരുന്നും കയറ്റി അയക്കാൻ തമിഴ്നാട് കേന്ദ്ര സർക്കാരിനോട് അനുമതി തേടിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം ഉന്നയിച്ചു. തമിഴ്നാട് നിയമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയതോടെയാണ് സഹായമെത്തിക്കാനുള്ള നടപടികൾ അതിവേഗം തുടങ്ങിയത്.
இன்னலில் சிக்குண்டபோதும், "உணவுப்பொருளானாலும் உயிர்காக்கும் மருந்தானாலும் எமக்கு மட்டும் வேண்டாம்; இலங்கை மக்கள் அனைவருக்கும் பொதுவாக அனுப்புங்கள்" எனத் தமிழர் பண்பை வெளிப்படுத்திய இலங்கை மக்களுக்கு உதவ ஒன்றிய அரசின் அனுமதி கோரிப் பேரவையில் ஒருமனதாகத் தீர்மானம் நிறைவேற்றினோம்! pic.twitter.com/BMfztzWiMy
— M.K.Stalin (@mkstalin)സഹായമെത്തിക്കാൻ സഹകരിച്ച് പ്രതിപക്ഷവും
പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ പൂർണ സഹകരണവും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുണ്ട്. ബിജെപിയും നിയമസഭയിൽ പ്രമേയത്തെ പിന്തുണച്ചിരുന്നു. അണ്ണാ ഡിഎംകെ അൻപത് ലക്ഷം രൂപയും പദ്ധതിക്കായി നൽകി. ഡിഎംകെ എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സഹായ ഫണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളിൽ നിന്നും ജനങ്ങളിൽ നിന്നും ദൗത്യത്തിന് സംഭാവനകൾ കിട്ടുന്നുണ്ടെന്ന് തമിഴ്നാട് സർക്കാരിന്‍റെ പുനരധിവാസ കമ്മീഷണർ ജസീന്ത ലാസറസ് പറഞ്ഞു.
ശ്രീലങ്കയെ സഹായിക്കാനുള്ള തീരുമാനത്തിന് നന്ദി അറിയിച്ച് സ്ഥാനഭ്രഷ്ടനായ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ എം കെ സ്റ്റാലിന് കത്തയച്ചിരുന്നു. മെയ് 12ന് അധികാരമേറ്റ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുൻ സർക്കാരുകൾ വിതരണം ചെയ്ത സഹായ കിറ്റുകളിലെല്ലാം മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നു.
ഈ പതിവും സ്റ്റാലിൻ സർക്കാർ ഇത്തവണ തിരുത്തി. ശ്രീലങ്കയ്ക്കായി തയ്യാറാകുന്ന കിറ്റിൽ തമിഴിൽ എഴുതിയിരിക്കുന്ന വാചകം ഇതാണ്. ‘തമിഴ്നാട് മക്കളിടം ഇരുന്ത് അൻപുടൻ..’ തമിഴ്നാട് ജനതയിൽ നിന്ന് സ്നേഹത്തോടെ എന്നർത്ഥം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുദ്രകളും കിറ്റിലുണ്ട്. പ്രതിപക്ഷ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് രാഷ്ട്രീയഛായ വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
A personal thanks to Hon'ble for accepting TN’s request to help the people of SL. Am sure that this humane gesture will be greatly welcomed by all and help to improve the warmth and cordiality between nations. Let the goodwill grow in all spheres. pic.twitter.com/AKgLnfXVmo
— M.K.Stalin (@mkstalin)ഉടക്കിട്ട് പൊതുതാൽപ്പര്യ ഹർജി
എന്നാൽ, ഇതിനിടെ ദുരിതാശ്വാസം എത്തിക്കാനായി പൊതുവിപണിയിൽ നിന്ന് സംസ്ഥാന സർക്കാർ അരി വാങ്ങുന്നത് തടയണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയുമെത്തി. ടെണ്ടർ കൂടാതെയുള്ള അരി സംഭരണം അഴിമതിക്കുള്ള ശ്രമമാണെന്ന് തിരുവാരൂർ സ്വദേശി എ ജയശങ്കർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാരുമായും എഫ്‍സിഐയുമായും കൂടിയാലോചിക്കാതെയാണ് സംസ്ഥാന സർക്കാർ അരി സംഭരിക്കുന്നത് എന്നും ആരോപണമുണ്ട്.
നിയമസഭയിൽ പിന്തുണച്ചെങ്കിലും അരി സംഭരണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഘടകവും ഇതിനിടെ രംഗത്തെത്തി. 54 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിന് ഉണ്ടാക്കുമെന്നാണ് ബിജെപിയുടെ ആരോപണം. അടിയന്തര ആവശ്യമായതുകൊണ്ട് ടെണ്ടർ വിളിക്കാതെ വ്യാപാരികളുമായി ചർച്ച നടത്തിയാണ് സർക്കാർ വിഭവ സമാഹരണവുമായി മുന്നോട്ട് പോകുന്നത്. കിലോഗ്രാമിന് 33 രൂപ നിരക്കിൽ അരി നൽകാമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയെന്ന് സംസ്ഥാന സർക്കാർ പറയുന്നു. തുറമുഖങ്ങളിലെ കടത്തുകൂലിയുൾപ്പെടെ 134 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്.
എഫ്സിഐയിൽ നിന്ന് അരി സംഭരിച്ചാൽ 45 കോടി രൂപ ലാഭിക്കാമെന്നാണ് ഹർജിക്കാരന്‍റെ വാദം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അരിവാങ്ങാനുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിടണം എന്ന വാദം അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ നൽകുന്ന അരി വിഹിതം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. ഏതായാലും മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജി ആർ സ്വാമിനാഥന്‍റേയും ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയുടേയും ബഞ്ച് മധ്യവേനലവധി കഴിഞ്ഞ് പരിഗണിക്കാനായി ഹർജി മാറ്റിവച്ചു.
A large scam is being unearthed in the civil supplies department of Tamilnadu’ as usual by the Govt. And this time in the humanitarian aid they claimed for . Rice being procured at Rs 33.50 with no tender against FCI s price of Rs 20 causing 54 crore ₹ Loss!
— Vinoj P Selvam (@VinojBJP)ആദ്യ കപ്പൽ ഈയാഴ്ച പുറപ്പെടും
ചെന്നൈ, തൂത്തൂക്കുടി തുറമുഖങ്ങളിൽ നിന്ന് തമിഴ്നാടിന്‍റെ സഹായവും വഹിച്ചുള്ള ആദ്യ കപ്പൽ ഈയാഴ്ച ശ്രീലങ്കയ്ക്ക് പുറപ്പെടും. ശ്രീലങ്കൻ ജനസംഖ്യയുടെ 18 ശതമാനം തമിഴ് വംശജരാണ്. ദ്വീപിന്‍റെ വടക്കും കിഴക്കും തീരങ്ങളിലാണ് തമിഴ് വംശജരിലേറെയുമുള്ളത്. സഹായം എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം തമിഴ് വംശജരെ ലക്ഷ്യമിട്ടാണെങ്കിലും ഇക്കാര്യത്തിൽ വിവേചനം ഉണ്ടാകില്ലെന്നും തമിഴ്നാട് സർക്കാരിന്‍റെ പുനരധിവാസ കമ്മീഷണർ അറിയിച്ചു.
ദുരിതം അനുഭവിക്കുന്ന സിംഹളർ ഉൾപ്പെടെ എല്ലാവർക്കും സഹായം നൽകാനാണ് തീരുമാനം. ശ്രീലങ്കയിലെ ഇന്ത്യൻ എംബസി വഴിയാകും ഇവ വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതിന് ശേഷം ശ്രീലങ്കയിൽ നിന്ന് അഭയം തേടി കടൽ കടന്നെത്തിയ 75 തമിഴ് വംശജരേയും തമിഴ്നാട് സ്വീകരിച്ചിരുന്നു.