ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്കുശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സത്യ പ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ നീറ്റ്, നീറ്റ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.
കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു.
പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാര്‍ലമെന്‍റിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മഹത്താബിന്‍റെ സത്യപ്രതിജ്ഞ നടന്നത്. അതേസമയം, സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാൻ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഇതര ഇന്ത്യ സഖ്യ നേതാക്കളുടെ പിന്തുണ തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് നല്കാൻ തയ്യാറെന്ന സന്ദേശം നല്‍കികൊണ്ടാണ് പിന്തുണ തേടിയത്.
അതേസമം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പകര്‍പ്പുമായാണ് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റിലെത്തിയത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് മാര്‍ച്ച് നടത്തിയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിലെത്തിയത്. പ്രതിപക്ഷത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നിശ്ചയിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംപിമാരും ഭരണഘടനയുടെ പകര്‍പ്പുമായിട്ടാണ് പാര്‍ലമെന്‍റിലെത്തിയത്. അതേസമയം, പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ആദ്യ സമ്മേളനത്തില്‍ പോകുന്നതിന് മുമ്പ് നിയുക്ത കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
വൈകിട്ട് നാല് മണിയോടെ കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനിച്ചു.
ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെന്‍റില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും