ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, 45 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

By Web Team  |  First Published Nov 20, 2024, 8:13 AM IST

ക്യാബിനിലായിരുന്ന പ്രിയയ്ക്ക് പുറത്തിറങ്ങാനായില്ല. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു.


ബെംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് ദാരുണാന്ത്യം. 20കാരിയായ കാഷ്യറാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 

നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് മരിച്ചത്. ഇന്ന് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

Latest Videos

undefined

അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി, മൂന്ന് ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. മറ്റ് അപകടങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മുൻകരുതലിന്‍റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു. സ്റ്റോറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണോ അതോ സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണം എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. 


ഒന്നാം ക്ലാസ്സുകാരിയുടെ ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; മധ്യവർഗത്തിന് എങ്ങനെ താങ്ങാനാകുമെന്ന ചോദ്യവുമായി അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!