14കാരിയെ ഗ്രാമവാസിയായ 20കാരൻ പീഡിപ്പിച്ചു. നാണക്കേട് ഭയന്ന് ഗുരുതരമായ പെൺകുട്ടിയെ ചികിത്സിക്കാനോ കേസ് കൊടുക്കാനോ തയ്യാറാകാതെ വീട്ടുകാർ. രക്തം വാർന്ന് 14ാം ദിനം പെൺകുട്ടി മരിച്ചു
ബറേലി: ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14കാരിക്ക് ചികിത്സ നൽകാൻ മടിച്ച് ബന്ധുക്കൾ. രക്തം വാർന്ന് 14 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി 14കാരി. സെപ്തംബർ 20നാണ് ലഖിംപൂർ ഖേരിയിൽ വച്ച് 14കാരിയെ 20 കാരൻ ക്രൂരമായി പീഡിപ്പിച്ചത്. അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ 14കാരിക്ക് വീട്ടുകാർ ചികിത്സ നൽകാനോ സംഭവം പൊലീസിൽ അറിയിക്കാനോ വീട്ടുകാർ തയ്യാറായില്ല.
നാട്ടുകാരുടെ പരിഹാസം ഭയന്ന് 11 ദിവസമാണ് 14 കാരിക്ക് കുടുംബം ചികിത്സ നിഷേധിച്ചത്. ഒടുവിൽ അവശനിലയിലായ 14കാരിയെ ഒക്ടോബർ 1നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 1 ന് തന്നെ പൊലീസ് കേസ് എടുക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് 20കാരനയ അർഷാദ് അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബന്ധുവീട്ടിൽ പോയി തനിച്ച് മടങ്ങിവരുമ്പോഴാണ് യുവാവ് 14കാരിയോട് ക്രൂരത കാണിച്ചത്. കത്തിചൂണ്ടി 14കാരിയെ പീഡിപ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി വീട്ടുകാരോട് സംഭവിച്ചത് വ്യക്തമാക്കി. എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി വയ്ക്കുകയായിരുന്നു. 14കാരിയുടെ പരിക്കുകൾ വീട്ടുകാർ തന്നെ ചികിത്സിച്ചെങ്കിലും രക്തസ്രാവം തുടർന്ന് കുട്ടി അവശനിലയിലാവുകയായിരുന്നു. ഇതോടെയാണ് ഒക്ടോബർ 1 14കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഇന്നലെ രാവിലെ 14കാരി ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം