ആനയുടെ ആക്രമണം പതിവായതോടെ ഗ്രാമത്തിലെ കോൺക്രീറ്റ് നിർമ്മിതമായ വീട്ടിലായിരുന്നു പത്തോളം കുട്ടികൾ ഉറങ്ങിയിരുന്നത്
റാഞ്ചി: കുടിലുകളിൽ കിടന്നാൽ ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ സമീപത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ കോൺക്രീറ്റ് വീട്ടിൽ ഉറങ്ങിയ മൂന്ന് കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു. ജാർഖണ്ഡിലാണ് സംഭവം. ഗാർവാ ജില്ലയിലെ ഛാപ്കാലി ഗ്രാമത്തിലാണ് ദാരുണ സംഭവം. ആനയുടെ ആക്രമണം പതിവായതോടെയാണ് ഈ വീട്ടിൽ സമീപത്തെ കുടിലുകളിൽ നിന്നുള്ള പത്തോളം കുട്ടികളായിരുന്നു ഒരുമിച്ച് ഉറങ്ങിയിരുന്നത്. ചീനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വീടുള്ളത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കടിയേറ്റതായി കുട്ടികൾ പറഞ്ഞതോടെ രക്ഷിതാക്കൾ കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. പുലർച്ചയോടെ ഇവരിൽ രണ്ട് പേർ മരിച്ചതോടെ മൂന്നാമത്തെയാളെ വീട്ടുകാർ സമീപത്തെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എങ്കിലും ആശുപത്രിയിലേക്കുള്ള വഴിയിലാണ് മൂന്നാമത്തെയാൾ മരിച്ചത്. 15കാരനായ പന്നാലാൽ കോർവ, 8 വയസുകാരിയായ കാഞ്ചൻ കുമാരി, 9 വയസുകാരിയായ ബേബി കുമാരി എന്നിവരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനാലാണ് സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇടങ്ങളിൽ കിടന്നുറങ്ങാൻ ഗ്രാമവാസികൾ നിർബന്ധിതരാവുന്നത്. കാട്ടാനകൾ തീറ്റതേടി എത്തുന്ന പതിവ് മേഖലകളാണ് ഛാപ്കാലി. ആനകളെ ഭയന്ന് ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ മുകളിലാണ് ഗ്രാമത്തിലെ മുതിർന്നവർ തങ്ങാറുള്ളത്. മറ്റൊരു സംഭവത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മൂർഖൻ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് മരിച്ചിരുന്നു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിൽ 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം