'അവളായിരുന്നു വീടിന്റെ ജീവൻ, വധശിക്ഷ ആഗ്രഹിക്കുന്നില്ല', മകളുടെ കൊലയിൽ 15 വർഷമായി നീതി തേടുന്ന മാതാപിതാക്കൾ!

By Web Team  |  First Published Oct 18, 2023, 12:10 AM IST

 15 വർഷമായി നീതിക്കായി കാത്തിരിക്കുകയാണ് ദില്ലിയിൽ ഒരച്ഛനും അമ്മയും


ദില്ലി: 15 വർഷമായി നീതിക്കായി കാത്തിരിക്കുകയാണ് ദില്ലിയിൽ ഒരച്ഛനും അമ്മയും. മകളെ കൊന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി പോരാടിയവർ കോടതി വിധി ഉറ്റുനോക്കുകയാണ്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ കോടതി ഇന്ന് വിധി പറയും. മാതാപിതാക്കളുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. വിശ്വനാഥനും ഭാര്യ മാധവിയ്ക്കും പറയാനേറെയുണ്ട്. അവളായിരുന്നു ഈ വീടിന്റെ ജീവൻ. അവൾ പോയ ശേഷം ഞങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് അവർ പറയുന്നു.

2008 സെപ്റ്റംബർ 30. ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥ്. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. 2009ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു. മാതാപിതാക്കളുടെ കാത്തിരിപ്പും.

Latest Videos

സാക്ഷികളെ വിസ്തരിക്കാൻ എടുത്ത സമയവും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാൻ കാരണമായി.  കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാമെന്ന് സൌമ്യയുടെ മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചത് മുതലാണ് വിചാരണ വേഗത്തിലായത്. പൊലീസ് അന്വേഷണത്തിൽ മാതാപിതാക്കൾ തൃപ്തരാണ്. പ്രതികൾക്ക് കൂടിയ ശിക്ഷ കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

Read more: തേടിയെത്തിയത് വധശ്രമക്കേസ് പ്രതിയെ, പരിശോധിച്ച പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്‍റെ എംഡിഎംഎയും കഞ്ചാവും, അറസ്റ്റ്

പ്രോസിക്യൂട്ടറെ നിയമിക്കാനടക്കം താമസം വന്നു. 15 വർഷം ഒരു ചെറിയ സമയമല്ല. ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വധശിക്ഷയ്ക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണം.  സൗമ്യയുടെ മരണശേഷം ഞങ്ങൾ ആകെ തളർന്നു. മകളെ കുറിച്ചുള്ള പത്രവാർത്തകളും, പഴയ ഐഡി കാർഡുകളും, ചേർത്ത് വെച്ച് ഈ അച്ഛനും അമ്മയും പറയുന്നു. വിധി കേൾക്കാൻ ഇരുവരും ഇന്ന് സാകേത് കോടതിയിൽ എത്തും. കോടതി വിധിയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഈ കുടുംബം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!