25 ദിവസമായി നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവ് പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ; സുപ്രീംകോടതി

By Sangeetha KS  |  First Published Dec 20, 2024, 6:59 PM IST

ദല്ലേവാളിന്റെ സഹകരണത്തോടെ ഇസിജി, രക്തം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതായും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഇപ്പോൾ കുഴപ്പമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.


ദില്ലി : നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. അദ്ദേഹത്തിന്റെ ആരോ​ഗ്യനില പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞു.  25 ദിവസമായി നിരാഹാര സമരം തുടരുന്ന ദല്ലേവാൾ ബോധരഹിതനായി വീണിരുന്നു. അദ്ദേഹത്തിന്റെ ജീവൻ ഒരു നൂലിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി നിരീക്ഷണം ഉണ്ടായിരിക്കുന്നത്. 

പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ഖനൗരിയിലാണ് ദല്ലേവാൾ സമരം നടത്തുന്നത്. ഇവിടെ നിന്നും 700 മീറ്റർ മാത്രം അകലെയുള്ള താൽക്കാലിക ആശുപത്രിയിലേക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ മാറ്റാൻ തയ്യാറാവാത്തത് എന്ന് പഞ്ചാബ് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ്ങിനോട് കോടതി ചോദിച്ചു.  ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി എന്നീ അവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കർഷകരുടെ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാ​ഗമായി നവംബർ 26 മുതൽ അനിശ്ചിതകാല നിരാഹാരത്തിലാണ് ദല്ലേവാൾ.

Latest Videos

undefined

ദല്ലേവാളിന്റെ സഹകരണത്തോടെ ഇസിജി, രക്തം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതായും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഇപ്പോൾ കുഴപ്പമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് പഞ്ചാബ് സർക്കാരിന്റെ ഭരണഘടനാപരമായ  ഉത്തരവാദിത്തവുമാണെന്നും കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തുകയും ചെയ്യണമെന്നും കോടതി പറഞ്ഞു. തുടർന്ന് ജനുവരി 2 ന് അടുത്ത വാദം കേൾക്കാൻ കോടതി നിശ്ചയിച്ചു, പഞ്ചാബ് ചീഫ് സെക്രട്ടറിയോടും താൽക്കാലിക ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനോടും അപ്പോഴേക്കും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

101 കർഷകരുടെ ഒരു സംഘം ഡിസംബർ 14 ന് മൂന്നാം തവണ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്കുള്ള മാർച്ച് നടത്തിയിരുന്നു. എന്നാല്‍ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചതിനെത്തുടർന്ന്  അവസാനിപ്പിക്കേണ്ടി വന്നു. അവരിൽ 10 പേർക്ക് പരിക്കേറ്റു. ഡിസംബർ 6 നും ഡിസംബർ 8 നും സമാനമായ രണ്ട് ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ഡിസംബർ 16 ന് ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലുള്ള ശംഭു അതിർത്തിയിലേക്ക് കർഷകർ ട്രാക്ടർ മാർച്ചും ഡിസംബർ 18 ന് പഞ്ചാബിൽ 'റെയിൽ റോക്കോ' പ്രതിഷേധവും നടത്തി.

ലോകസമാധാനത്തിന് സനാതന ധർമ്മം, ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പര നശിക്കും; യോഗി ആദിത്യനാഥ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!