ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സവാള എത്തി നില്‍ക്കുമ്പോള്‍ സംഭരണശാലയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിക്കപ്പെട്ടതായി കര്‍ഷകന്‍.
നാസിക്: സവാള വില കുതിച്ചുയരുമ്പോള്‍ കര്‍ഷകന്‍റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറാണ് സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.
കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ 117 പ്ലാസ്റ്റിക് കൊട്ടകളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദ് വാഗ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റോക്കില്‍ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിക്കപ്പെട്ട വിവരം പഹര്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രാദേശിക ചന്തകളിലും ഗുജറാത്തിലെ ചന്തകളിലും അന്വേഷണം നടത്തി.
നാലുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കൂടിയ വിലയിലേക്കാണ് സവാളവില ഉയരുന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുണ്ടായ വിളനാശവും തുടര്‍ന്ന് വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം.