5 മണിക്ക് പുറത്തുപോയി 11.40ന് തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തകർത്ത നിലയിൽ; സിസിടിവിയിൽ നിർണായക ദൃശ്യങ്ങൾ

By Web Team  |  First Published Dec 19, 2024, 9:52 AM IST

വീടിന് പുറത്തെത്തിയപ്പോൾ തന്നെ മുൻവാതിൽ തകർത്തിരിക്കുന്നത് കണ്ടു. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ളതെല്ലാം കള്ളന്മാർ കൊണ്ടുപോയെന്ന് മനസിലായത്. 


ബംഗളുരു: വീട്ടുകാർ പുറത്തുപോയ സമയത്ത് പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 301 ഗ്രാം സ്വർണം ഉൾപ്പെടെ 23 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. ബംഗളുരു ബനശങ്കരയിലി മഞ്ജുനാഥനഗറിലാണ് സംഭവം. മൂന്ന് നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഫ്ലാറ്റിലാണ് മോഷണം നടന്നത്. സമീപത്തെ ഒരു സിസിടിവിയിൽ നിന്ന് മോഷ്ടാവെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ നിർണായക ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. 

കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് വീട്ടുകാർ പുറത്തുപോയ ഏതാനും മണിക്കൂറുകൾ കൊണ്ട് വൻ കവർച്ച നടന്നത്. ശങ്ക‍ർനഗറിലെ കെംപഗൗഡ പ്ലേ ഗ്രൗണ്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി കുടുംബാംഗങ്ങൾ വൈകുന്നേരം അഞ്ച് മണിയോടെ വീട് പൂട്ടി പുറത്തു പോയിരുന്നു. രാത്രി 11.40ഓടെ കൃഷ്ണനും ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തി. പുറത്തു നിന്ന് നോക്കിയപ്പോൾ തന്നെ മുൻവാതിൽ തകർത്തിരിക്കുന്നത് കണ്ടു.

Latest Videos

undefined

അകത്ത് കയറി പരിശോധിച്ചപ്പോഴാണ് വീട്ടിലുള്ള വിലപിടിപ്പുള്ള സകലതും കള്ളന്മാർ കൊണ്ടുപോയെന്ന് മനസിലായത്. മുറിയിൽ കടന്ന മോഷ്ടാക്കൾ അലമാര തകർത്ത് 301 ഗ്രാം സ്വർണവും 1.7 ലക്ഷം രൂപയും കൊണ്ടുപോയി. കമ്മലുകളും, ബ്രേസ്‍ലെറ്റുകളും, ഒരു നെക്ലേസും, സ്വർണ മാലകളും വെള്ളി ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് പൊലീസും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

കെട്ടിടത്തിൽ സിസിടിവി ക്യാമറകളുണ്ടായിരുന്നില്ല. എന്നാൽ സമീപമുണ്ടായിരുന്ന ക്യാമറകളിൽ നിന്ന് സംശയിക്കപ്പെടുന്ന ഒരാൾ റോഡിലൂടെ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!