'വീടിന്‍റെ മുകളിൽ നിന്ന് മജിസ്ട്രേറ്റ് കൈവീശി അനുമതി നൽകുകയായിരുന്നു', തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ ബന്ധുക്കൾ

By Web Team  |  First Published Jun 28, 2020, 8:55 AM IST

കടുംനിറത്തിലുള്ള ലുങ്കികൾ പൊലീസ് ആവശ്യപ്പെട്ടു. 'ആശുപത്രി അധികൃതരും കൂട്ട് നിന്നു'. കൂട്ടായ ആക്രമണമാണെന്നും മരിച്ച ജയരാജന്റെ സഹോദരൻ ജോസഫ് ആരോപിച്ചു


ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോവിൽപ്പെട്ടി മജിസ്ട്രേറ്റിനെതിരെ വ്യാപാരികളുടെ ബന്ധുക്കൾ. ഇരുവരെയും കാണാതെയാണ് റിമാൻഡ് ചെയ്യാൻ  മജിസ്ട്രേറ്റ് അനുമതി നൽകിയത്. 'വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് മജിസ്ട്രേറ്റ് കൈ വീശി അനുമതി നൽകി'. രക്തസ്രാവം നിയന്ത്രിക്കാന്‍ പൊലീസിനായില്ല. കടുംനിറത്തിലുള്ള ലുങ്കികൾ പൊലീസ് ആവശ്യപ്പെട്ടു. 'ആശുപത്രി അധികൃതരും കൂട്ട് നിന്നു'. കൂട്ടായ ആക്രമണമാണെന്നും മരിച്ച ജയരാജന്റെ സഹോദരൻ ജോസഫ് ആരോപിച്ചു. 

കസ്റ്റഡി മരണത്തിൽ പൊലീസുകാർക്ക് എതിരെ കേസ് എടുക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധം കനക്കുന്നുണ്ട്. കുറ്റക്കാരായ പൊലീസുകാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു. 

Latest Videos

തടിവ്യാപാരിയായ ജയരാജനെയും മകന്‍ ബനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടികാട്ടി ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം ബന്ധുക്കള്‍ പ്രതിഷേധിച്ചു. തൂത്തുക്കുടി കളക്ടര്‍ നേരിട്ടെത്തി നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു. 

 

 

 

click me!