സായ് പല്ലവി മുസ്ലീമാണ് എന്ന തരത്തിലാണ് ഫേസ്ബുക്കിലെ പ്രചാരണം
നടി സായ് പല്ലവി വിവാഹിതയായി എന്ന തരത്തില്‍ വ്യാജ പ്രചാരണം മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. അന്ന് അതിന്‍റെ വസ്തുത പുറത്തുവന്നിരുന്നു. ഇപ്പോള്‍ സായ് പല്ലവിയെ കുറിച്ച് മറ്റൊരു പ്രചാരണം വ്യാപകമായിരിക്കുകയാണ്. അതിന്‍റെ വസ്തുത അറിയാം.
പ്രചാരണം
സായ് പല്ലവി മുസ്ലീമാണ് എന്ന തരത്തിലാണ് ഫേസ്ബുക്കിലെ പ്രചാരണം. സിനിമകളില്‍ ഹിന്ദുവായി വേഷമിടുന്ന സായ് പല്ലവി യഥാർഥ ജീവിതത്തില്‍ മുസ്ലീമാണ് എന്ന തരത്തിലാണ് വിവിധ ചിത്രങ്ങള്‍ സഹിതമുള്ള എഫ്‌ബി പോസ്റ്റില്‍ പറയുന്നത്.
വസ്തുത
നടി സായ് പല്ലവി ഹിന്ദുമത വിശ്വാസം പിന്തുടരുന്നയാളാണ് എന്നതാണ് വസ്തുത. സായ് ഇസ്ലാം മതവിശ്വാസം സ്വീകരിച്ചതായി ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല.
2021ല്‍ ഒരു സിനിമ കാണാനായി ബുര്‍ഖ ധരിച്ച് സായ് പല്ലവി വേഷം മാറി തിയറ്ററില്‍ എത്തിയതിന്‍റെ രണ്ട് ഫോട്ടോകളാണ് നടി മുസ്ലീംമാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. സായ് വേഷം മാറി, തിയറ്ററിലെത്തി ആരാധകര്‍ക്കൊപ്പം സിനിമ കണ്ടതിന്‍റെ വീഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സായ് പല്ലവി ബുര്‍ഖ ധരിച്ച് തിയറ്ററിലെത്തി എന്ന പറയപ്പെടുന്ന വീഡിയോ ചുവടെ കാണാം.
പ്രചരിക്കുന്നവയില്‍ ഒരു ഫോട്ടോയാവട്ടെ ജമ്മു ആന്‍ഡ് കശ്‌മീരിലെ ശ്രീനഗറില്‍ ഒരു തീര്‍ഥാടന കേന്ദ്രം സായ് പല്ലവി സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയതയാണ്. സായ് പല്ലവിയുടെ സന്ദര്‍ശനം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന അതേ ഫോട്ടോ നടി 2023 ജൂലൈ 13ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്.
നിഗമനം
നടി സായ് പല്ലവി മുസ്ലീമാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്.
Read more: ഷാഫി പറമ്പിലിന്‍റെ വടകരയിലെ പ്രചാരണത്തില്‍ നിന്നുള്ള ചിത്രമോ ഇത്? സത്യമറിയാം- Fact Check