സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിനോടുള്ള പെരുമാറ്റം ലജ്ജാകരവും ഭയാനകവുമാണെന്ന് ജനറൽ വി കെ സിംഗ് വിമർശിച്ചു.
ഭുവനേശ്വർ: പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന് പീഡനം നേരിട്ടെന്ന പരാതിയിൽ കരസേനാ മുൻ മേധാവി ജനറൽ വി കെ സിംഗും മുൻ സിബിഐ ഡയറക്ടർ എം നാഗേശ്വര റാവുവും തമ്മിൽ വാഗ്വാദം. ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിനോടുള്ള പെരുമാറ്റം ലജ്ജാകരവും ഭയാനകവുമാണെന്ന് ജനറൽ വി കെ സിംഗ് വിമർശിച്ചു. ഒഡീഷ പൊലീസ് സ്ഥിതിഗതികൾ കൈകാര്യം ചെയ്ത രീതിയെ അപലപിച്ച ജനറൽ സിംഗ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകൾ പറയുന്നത് എല്ലാവരും കേൾക്കണം. ഒഡീഷയിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിൽ അവൾക്ക് സംഭവിച്ചത് ലജ്ജാകരമാണ്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും അവരെ സംരക്ഷിക്കുന്നവർക്കും എതിരെ ഒഡീഷ മുഖ്യമന്ത്രി വേഗത്തിൽ നടപടിയെടുക്കണമെന്നും ജനറൽ സിംഗ് ആവശ്യപ്പെട്ടു.
undefined
ജനറൽ സിംഗിന്‍റെ അഭിപ്രായത്തിനെതിരെ മുൻ സിബിഐ ഡയറക്ടർ എം നാഗേശ്വര റാവു രംഗത്തെത്തി. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുതവധുവും മദ്യപിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തെന്നാണ് അദ്ദേഹം ആരോപിച്ചത്. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും മദ്യം കഴിച്ച് രാത്രി വൈകി നഗരത്തിലൂടെ വാഹനമോടിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായി അവർ വഴക്കുണ്ടാക്കി. പിന്നീട് ഭരത്പൂർ പോലീസ് സ്റ്റേഷനിലും പ്രശ്നമുണ്ടാക്കി. വൈദ്യപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും വിധേയരാകാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചെന്നും നാഗേശ്വര റാവു പറഞ്ഞു. നിലപാട് പുനഃപരിശോധിക്കണമെന്ന് ജനറൽ സിംഗിനോട് നാഗേശ്വര റാവു അഭ്യർത്ഥിച്ചു.
സെപ്തംബർ 15ന് രാത്രി ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. റസ്റ്റോറന്‍റ് അടച്ച് താനും ക്യാപ്റ്റനും വീട്ടിലേക്ക് മടങ്ങുമ്പോൾ ഗുണ്ടകൾ ആക്രമിച്ചതിനെ കുറിച്ച് പരാതിപ്പെടാനാണ് സ്റ്റേഷനിൽ എത്തിയതെന്ന് യുവതി പറയുന്നു. സഹായിക്കുന്നതിന് പകരം കുറ്റവാളികളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയത്. ക്യാപ്റ്റനെ അടുത്ത ദിവസം പുലർച്ചെ വരെ തടങ്കലിൽ വച്ചു. സ്റ്റേഷന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ ദിനകൃഷ്ണ മിശ്ര വന്നപ്പോൾ അന്യായമായി തടങ്കലിൽ വെച്ചതിനെ താൻ ചോദ്യംചെയ്തെന്നും ഇതോടെ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇൻസ്പെക്ടർ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി പറഞ്ഞു.
അതിനിടെ വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വനിതാ പോലീസുകാർ മുടിയിൽ പിടിച്ച് വലിച്ചിഴച്ചപ്പോൾ താൻ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതി പൊലീസുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അതേസമയം പൊലീസുകാർ ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം