'ഷെഡ്യൂൾഡ് ജീവികളുടെ പട്ടിക പോലും മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജീവികളുടെ എണ്ണത്തെക്കുറിച്ച് വനംവകുപ്പ് പറയുന്ന കണക്ക് പലപ്പോഴും ശുദ്ധ നുണയാണ്'- മാധവ് ഗാഡ്‍ഗിൽ
മുംബൈ: മനുഷ്യ മൃഗ സംഘർഷം കേരളത്തിലെ വനത്തോട് ചേർന്നുള്ള മേഖലയിൽ വർധിച്ച് വരുകയാണ്. ഏറ്റവുമൊടുവിൽ വയനാട്ടിൽ ഒരു കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനമിറങ്ങി വന്ന് മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജൻ പ്രൊഫസർ മാധവ് ഗാഡ്‍ഗിൽ. പൂനെയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ ശ്രീനാഥ് ചന്ദ്രന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്
ചോദ്യം: ഒരു പരിസ്ഥിതി ശാസ്ത്രഞ്ജനായ താങ്കൾ വന്യമൃഗങ്ങളെ വധിക്കാൻ അനുവദിക്കണമെന്ന് പറയുന്നത് പലരും ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. യുക്തിസഹമായ മൃഗവേട്ട എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.?
undefined
മാധവ് ഗാഡ്‍ഗിൽ: നോക്കൂ മനുഷ്യ കുലത്തിന്‍റെ ഭാഗമാണ് മൃഗവേട്ട. ആദിമകാലം മുതൽ അതങ്ങനെയാണ്. ലോകത്ത് എല്ലായിടത്തും നിയന്ത്രിത മൃഗവേട്ട അനുവദിക്കുന്നുണ്ട്. അവിടെയെല്ലാം വന്യജീവികളുടെ എണ്ണം ഇന്ത്യയിലേതിനെക്കാൾ മെച്ചമാണ്. ഇന്ത്യയിൽ മാത്രമാണ് മൃഗവേട്ടയ്ക്ക് സമ്പൂർണ നിരോധനമുള്ളത്. പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോ.സലീം അലി പോലും കടുവയെ വേട്ടയാടി തിന്നിട്ടുണ്ട്. അതുകൊണ്ട് മൃഗവേട്ട ഒരു തെറ്റാണെന്ന ധാരണ ആദ്യം മാറ്റണം. ദേശീയോദ്യാനങ്ങൾക്ക് പുറത്ത് യുക്തിസഹമായ മൃഗവേട്ട അനുവദിക്കണം. 2002ലെ ജൈവവൈവിദ്യ ആക്ട് നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ വന്യജീവികളെ നിയന്ത്രിക്കാനുള്ള അനുമതി നൽകണം.
ചോദ്യം: യുക്തി സഹമായ മനുഷ്യവേട്ടയെന്നാണ് പറയുന്നതെങ്കിലും അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ കൂടി പരിഗണിക്കേണ്ടതല്ലേ. നമ്മുടെ രാജ്യത്ത് ഒരു വന്യജീവി സംരക്ഷണ നിയമം ഇല്ലേ?
മാധവ് ഗാഡ്‍ഗിൽ: വന്യജീവി സംരക്ഷണ നിയമം തന്നെ ഭരണഘടനാ വിരുധമാണ് . ഒരു കള്ളൻ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി നിങ്ങളുടെ ജീവന് പോലും ഭീഷണി ആയെന്ന് കരുതുക. പ്രതിരോധത്തിന്‍റെ ഭാഗമായി അയാളെ കൊല്ലേണ്ടി വന്നാലും നിയമം നമ്മെ ശിക്ഷിക്കില്ല. എന്നാൽ ആ കള്ളന്‍റെ സ്ഥാനത്ത് ഒരു കടുവയെയോ കാട്ടുപന്നിയെയോ സങ്കൽപിക്കൂ. അത് നിങ്ങളുടെ കൃഷി നശിപ്പിച്ചാലും നിങ്ങളുടെ ജീവന് പോലും ഭീഷണി ആയാൽ പോലും മനുഷ്യനെതിരെ ചെയ്യാവുന്നത് പോലും മൃഗത്തിനെതിരെ ചെയ്യാനാകില്ല. എന്തൊരു നിയമം ആണത്?
ചോദ്യം: മൃഗവേട്ട യുക്തിസഹമായി മാത്രമാണ് നടക്കുന്നതെന്ന് എങ്ങനെ ഉറപ്പാക്കും?
മാധവ് ഗാഡ്‍ഗിൽ: ജനങ്ങളടക്കം ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെയെല്ലാം കൂട്ടായ ഉത്തരവാദിത്തമാണ്. മലിനീകരണം കാട് കയ്യേറിയുള്ള വികസനവുമടക്കം മൃഗങ്ങളെ ദോഷകരമായി ബാധിക്കുന്ന മറ്റനേകം കാരണങ്ങളുമുണ്ട്. അതിനെക്കുറിച്ച് കൂടി ചർച്ചയാവാം. മൃഗങ്ങളെ അപ്പാടെ കൊന്ന് തള്ളണമെന്നല്ല പറയുന്നത്. നാട്ടിലിറങ്ങി മനുഷ്യർക്ക് ദോഷം ചെയ്യുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള അനുവാദമാണ് നൽകേണ്ടത്.
ചോദ്യം: നമ്മുടെ മുന്നിൽ ഷെഡ്യൂൾഡ് ജീവികളുടെ ഒരു പട്ടികയുണ്ട്. വനം വകുപ്പിന്‍റെയും മറ്റും കണക്കനുസരിച്ച് വന്യമൃഗ സമ്പത്ത് കുറഞ്ഞ് വരികയും ചെയ്യുന്നു. ഇതെല്ലാം പരിഗണിക്കുന്നുണ്ടോ?
മാധവ് ഗാഡ്‍ഗിൽ: ഷെഡ്യൂൾഡ് ജീവികളുടെ പട്ടിക പോലും മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജീവികളുടെ എണ്ണത്തെക്കുറിച്ച് വനംവകുപ്പ് പറയുന്ന കണക്ക് പലപ്പോഴും ശുദ്ധ നുണയാണ്. എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ഗോവൻ മേഖലയിലെ വനത്തിൽ കടുവയില്ലെന്ന് കള്ളം പറയുകയും അത് വഴി ഖനന മാഫിയയെ സഹായിക്കുകയും ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ ഞാൻ കണ്ടിട്ടുണ്ട്.
അഭിമുഖം കാണാം...