ഉത്തരാഖണ്ഡ് സ്വദേശിയായ സീമ 2013-ൽ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയെ ആണ് അദ്യം വിവാഹം കഴിച്ചത്. 75 ലക്ഷമാണ് ഇയാളിൽ നിന്നും തട്ടിയെടുത്തത്.
ദില്ലി: നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് യുവതി 1.25 കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക്. ഒരു പതിറ്റാണ്ടിലേറെയായി തട്ടിപ്പ് തുടർന്നതിന് ശേഷമാണ് നിക്കി എന്നറിയപ്പെടുന്ന സീമയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുന്നത്. മാട്രിമോണിയൽ വെബ്‌സൈറ്റുകൾ വഴി ഭാര്യമാർ മരിച്ചവരോ വിവാഹമോചനം നേടിയവരോ ആയ പുരുഷന്മാരെയാണ് സീമ ലക്ഷ്യമിടുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഒന്നിലധികം വിവാഹങ്ങളിലൂടെ 1.25 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഉത്തരാഖണ്ഡ് സ്വദേശിയായ സീമ 2013-ൽ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയെ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം യുവതി ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസ് ഫയൽ ചെയ്തു. തുടർന്ന് 75 ലക്ഷം രൂപക്കാണ് കേസ് ഒത്തുതീർപ്പായത്. ഇത്തരത്തിൽ നിരവധി പേരെ പറ്റിച്ച് യുവതി പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. 2017ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിക്കുകയും വിവാഹമോചനത്തിന് കേസ് കൊടുക്കുകയും ചെയ്തു. 10 ലക്ഷം രൂപക്കാണ് ഈ കേസ് ഒത്തുതീർന്നത്.
undefined
2023-ൽ ജയ്പൂരിലെ ബിസിനസുകാരനുമായിട്ടായിരുന്നു വിവാഹം. എന്നാൽ, വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്ന് 36 ലക്ഷം രൂപയും ആഭരണങ്ങളുമായി യുവതി മുങ്ങി. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ജയ്പൂർ പൊലീസ് സീമയെ അറസ്റ്റ് ചെയ്യുന്നത്. സമ്പന്നരായ പുരുഷന്മാരെ വിവാഹം കഴിച്ച് അവരുടെ കുടുംബങ്ങൾക്കെതിരെ കള്ളക്കേസുകൾ ചമച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു സീമയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഡെറാഡൂണിലെ വീട്ടിൽ നിന്നാണ് സീമയെ പിടികൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ ഇവർ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Read More : കടവന്ത്രയിലെ ലോഡ്ജിലെ അനാശ്യാസ പ്രവർത്തനം, നടത്തിപ്പ് 2 പൊലീസുകാർ, ഒരാൾ ട്രാഫിക് പൊലീസ്: അറസ്റ്റിൽ