'ചരിത്രത്തിൽ ആദ്യമായാണ് രാജ്യസഭയിൽ 19 എംപിമാര്‍ ഒരുമിച്ച് സസ്‌പെൻഡ് ചെയ്യപ്പെടുന്നത്'
ദില്ലി : രാജ്യസഭയിൽ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം. വിലക്കയറ്റം, തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയണമെന്ന ആവശ്യമാണ് സഭയിൽ ഉയര്‍ത്തിയത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാര്‍ ശ്രമിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രാജ്യസഭയിൽ 19 എംപിമാര്‍ ഒരുമിച്ച് സസ്‌പെൻഡ് ചെയ്യപ്പെടുന്നത്. പാർലമെന്റിന്റെ ഉദ്ദേശം എന്താണെന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, പ്രതിഷേധമറിയിക്കാനുള്ള വേദി കൂടിയാണ് പാര്‍ലമെന്റെന്നത് മറക്കരുതെന്നും പറഞ്ഞു. സഭയിൽ നാളെയും സമരം തുടരും. സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയാതെ പാർലമെന്റ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും വ്യക്തമാക്കി. പാർലമെന്റിനെ മോദിയുടെ ഭക്തജന കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. നാളെയും മറ്റന്നാളും സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായി ചർച്ച ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിപിഎം അംഗം വി ശിവദാസനും വ്യക്തമാക്കി. അടിച്ചമർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് സസ്പെൻഷനെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യസഭയിലും സസ്പെൻഷൻ, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി
രാഷ്ട്രീയമായ വിജയമാണ് കാണുന്നതെന്ന് സസ്പെൻഷനിലായ സിപിഐ നേതാവ് പി സന്തോഷ് കുമാർ പറഞ്ഞു. ന്യായമായ കാര്യങ്ങളാണ് സഭയിൽ ആവശ്യപ്പെട്ടത്. ന്യായമായ ഒരു വിഷയം ചർച്ച ചെയാനുള്ള അവകാശം പോലും പാർലമെന്റ് അംഗങ്ങൾക്ക് ഇല്ലാതായെന്ന് സസ്പെൻഷനിലായ മറ്റൊരു സിപിഎം അംഗം എഎ റഹീം കുറ്റപ്പെടുത്തി. രാജ്യസഭാ സ്പീക്കർ തന്നെ പക്ഷപാതപരമായി പെരുമാറുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് തങ്ങളെ സസ്പെന്റ് ചെയ്തതെന്നും എഎ റഹീം പറഞ്ഞു.
K Rail : 'കെ റെയില്‍ പദ്ധതി നല്ലതാണ്', പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി
നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. ഏഴ് തൃണമൂൽ കോൺഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാര്‍, മൂന്ന് ടിആര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാര്‍, ഒരു സിപിഐ എംപി എന്നിവര്‍ക്കെതിരെയാണ് നടപടി. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ പ്രതിപക്ഷത്തെ കോൺഗ്രസ് എംപിമാര്‍ സഭയിൽ ഉണ്ടായിരുന്നില്ല.