17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ ബാലാജിയുടെ വസതിയിലും സെക്രട്ടറിയറ്റിനെ ഓഫീസിലുമടക്കം റെയ്ഡ് നടന്നപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു
ചെന്നൈ: കേന്ദ്ര സര്‍ക്കാരുമായി നിരന്തരം പോരടിക്കുന്ന എം കെ സ്റ്റാലിൻ സര്‍ക്കാരിലെ പ്രധാനിയായ സെന്തിൽ ബാലാജിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രിയാണ് വി സെന്തിൽ ബാലാജി. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ ബാലാജിയുടെ വസതിയിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമടക്കം റെയ്ഡ് നടന്നപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇഡി സെക്രട്ടറിയറ്റില്‍ കയറിയതോടെ ഡിഎംകെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ആരാണ് സെന്തില്‍ ബാലാജി
പടിഞ്ഞാറൻ തമിഴ്നാട്ടിൽ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറിൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ൽ എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.
കേസ് എന്താണ്? നടപടികള്‍
2011-15ൽ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവർക്കുമെതിരെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...