പൊലീസ് കൈക്കൂലി ചോദിച്ചെന്നാണ് ഡ്രൈവറുടെ ആരോപണം. എന്നാൽ ചോദിച്ചിട്ടില്ലെന്നും നിയമ നടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് അവകാശപ്പെടുന്നു.
ബംഗളുരു: പൊലീസുമായുള്ള തർക്കത്തിനിടെ കൂറ്റൻ ട്രക്ക് നടുറോഡിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ താക്കോലുമായി മുങ്ങി. ബംഗളുരു ഇലക്ട്രോണിക്സ് സിറ്റിയിൽ നൈസ് റോഡിന് സമീപത്തായിരുന്നു സംഭവം. തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറോളം ഹൊസൂർ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. ഒടുവിൽ ലാത്തിച്ചാർജ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ട്രാഫിക് പൊലീസുകാർ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞാണ് രാത്രി എട്ട് മണിയോടെ റിസ്‍വാൻ എന്ന ഡ്രൈവർ റോഡ് ബ്ലോക്ക് ചെയ്ത് ട്രക്ക് നിർത്തിയിട്ടത്. ഇതോടെ മറ്റ് ട്രക്ക് ഡ്രൈവർമാരും സ്ഥലത്തെത്തി പ്രതിഷേധം തുടങ്ങി. ഒടുവിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിട്ടു. എന്നാൽ കൈക്കൂലി ചോദിച്ചിട്ടേയില്ലെന്ന നിലപാടിലാണ് പൊലീസ്.
undefined
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ബംഗളുരു സൗത്ത് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വൈകുന്നേരം 4.30 മുതൽ രാത്രി 8.30 വരെ നഗരത്തിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ രാത്രി എട്ട് മണിയോടെ നൈസ് റോഡിൽ നിന്ന് ഹൊസൂർ റോഡിലേക്ക് ഈ വാഹനം പ്രവേശിച്ചു. പൊലീസുകാർ ഇടപെട്ട് അര മണിക്കൂർ വാഹനം നിർത്തിയിടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ലെന്ന് പൊലീസ് പറയുന്നു.
വാഹനവുമായി മുന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ പൊലീസ് ഇയാൾക്കെതിരെ പിഴ ചുമത്താനൊരുങ്ങിയെന്നാണ് പൊലീസുകാരുടെ വാദം. ഗതാഗത തടസമുണ്ടാക്കി വാഹനം പാർക്ക് ചെയ്തത് ഉൾപ്പെടെ നാല് വകുപ്പുകളിൽ 2000 രൂപയാണ് പിഴ ചുമത്തിയത്. ഇതോടെ പൊലീസുമായി കയർത്ത ഡ്രൈവർ വാഹനം അവിടെ ഉപേക്ഷിച്ച് മുങ്ങി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവങ്ങളെല്ലാം പൊലീസുകാരുടെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം