പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. വൈകിട്ട് ആറു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമു. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷത്തിൻ്റെ സംയുക്തസ്ഥാനാര്‍ത്ഥിയേക്കാൾ മൂന്നിരട്ടിയോളം അധികം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി കഴിഞ്ഞു. വൈകിട്ട് നാലരയ്ക്കുള്ള കണക്ക് അനുസരിച്ചത് പാര്‍ലമെൻ്റിലെ 540 എംപിമാരുടെ പിന്തുണ ദ്രൗപദി മുര്‍മുവിന് ലഭിച്ചു.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിൻഹയെ പിന്തുണച്ചത് 208 പേരാണ്. 4,83,299 മൂല്യമുള്ള വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മു നേടിയത്. 1,89,876 മൂല്യമുള്ള വോട്ടുകൾ യശ്വന്ത് സിൻഹ സ്വന്തമാക്കി. രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മൂന്ന് ലക്ഷത്തോളം വോട്ടുമൂല്യത്തിൻ്റെ വ്യത്യാസം ഇരുസ്ഥാനാര്‍ത്ഥികൾക്കുമിടയിൽ ഉണ്ട്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാര്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആണ് ഇതുവരെ കഴിഞ്ഞത് കര്‍ണാക, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ടുകളാവും ഇനി എണ്ണുക.
പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. വൈകിട്ട് ആറു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും. മൂന്നിൽ രണ്ട് എംഎൽഎമാരുടെ വോട്ടുകൾ ഇനിയും എണ്ണാനുണ്ട്.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലത്തിലേക്ക് ഇപ്പോൾ വോട്ടെടുപ്പ് നീങ്ങുന്നതും.
മുൻഗാമികളിലൂടെ....
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥപൗരൻ എന്ന പദവിയിൽ ഇതുവരെ ഇരുന്നത് 14 പേരാണ്.
1987 ജൂലായ് 25 മുതൽ 1992 ജൂലായ് 25 വരെ ആർ. വെങ്കിട്ടരാമനായിരുന്നു രാഷ്ട്രപതി. നാലു പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച രാഷ്‌ട്രപതി എന്ന അപൂര്‍വ്വ ബഹുമതി അദ്ദേഹത്തിന് സ്വന്തമാണ്. നരസിംഹറാവു, ചന്ദ്രശേഖർ, രാജീവ് ഗാന്ധി, വി.പി. സിങ് എന്നിവരായിരുന്നു വെങ്കിട്ടരാമൻ്റെ കാലത്തെ
ഇന്ത്യൻ പ്രധാനമന്ത്രിമാർ.
ശങ്കർദയാൽ ശർമ 1992 ജൂലായ് 25 മുതൽ 1997 ജൂലായ് 25 വരെ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. പ്രസിഡൻറ് ആകുന്നതിനു മുൻപ് അദ്ദേഹം രാജ്യത്തിൻറെ വൈസ് പ്രസിഡന്റായിരുന്നു.
രാഷ്ട്രപതിയായ ആദ്യ മലയാളിയും ആദ്യ ദളിതനുമായിരുന്നു. കെ.ആർ. നാരായണൻ. 1997 ജൂലായ് 25 മുതൽ 2002 ജൂലായ് 25 വരെ അദ്ദേഹം രാഷ്ട്രപതിയായി പ്രവർത്തിച്ചു.
‘മിസൈൽ മാൻ’ എന്നറിയപ്പെട്ട എ.പി.ജെ. അബ്ദുൽ കലാം 2002 ജൂലായ് 25 മുതൽ 2007 ജൂലായ് 25 വരെ രാഷ്ട്രപതിയായി. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്ന വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതി ആയിരുന്നു പ്രതിഭാപാട്ടീൽ. 2007 ജൂലായ് 25 മുതൽ 2012 ജൂലായ് 25 വരെ ആ സ്ഥാനം വഹിച്ചു.
2012 ജൂലായ് 25 മുതൽ 2017 ജൂലായ് 25 വരെ പ്രസിഡന്റായത് പ്രണബ് കുമാർ മുഖർജി ആയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച പരിചയവുമായാണ് അദ്ദേഹം രാഷ്ട്രപതി ആയത്.
രാംനാഥ് കോവിന്ദ് രാജ്യത്തിൻറെ പതിനാലാമത്തെ പ്രസിഡന്റ് ആയിരുന്നു. 2017 ജൂലായ് 25-നാണ് സ്ഥാനമേറ്റത്. 2022 ജൂലായ് 25 വരെ ആണ് അദ്ദേഹത്തിന്റെ കാലാവധി.