വിവാഹം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്ന യുവതി നാട്ടുകാരുടെ കുത്ത് വാക്ക് കേട്ട് മടുത്താണ് ഇത്തരമൊരു കടുംകൈ ചെയ്തത്. ഭഗവാന്‍ വിഷ്ണുവുമായുള്ള വിവാഹത്തിന് പിന്നാലെ നാട്ടുകാരുടെ ശല്യം തീര്‍ന്ന സമാധാനത്തിലാണ് യുവതിയുള്ളത്.
20കാരിയായ യുവതി 70 കാരനെ വിവാഹം ചെയ്യുന്നതും ആഡംബര ജീവിതം ഉപേക്ഷിച്ച് ഗോത്ര വര്‍ഗക്കാരനെ വിവാഹം ചെയ്യുന്ന വനിതകളും ഇതിന് മുന്‍പ് വാര്‍ത്തകളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ വിവാഹ ശേഷമുള്ള ബുദ്ധിമുട്ടുകളും കലഹങ്ങളും ഒഴിവാക്കാനായി രാജസ്ഥാനില്‍ ഒരു യുവതി ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹിന്ദു വിവാഹത്തിന്‍റേതായ സകല ചടങ്ങുകളോടെ നടന്ന ഈ വിവാഹത്തില്‍ വരനുണ്ടായിരുന്നില്ലെന്ന് മാത്രം. ഡിസംബര്‍ 8ാം തിയതിയാണ് രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള ഗോവിന്ദഗറിലെ നരസിംഹപുരയിലാണ് ഈ വ്യത്യസ്ത വിവാഹം നടന്നത്.
പൂജ സിംഗ് എന്ന മുപ്പതുകാരി വരനായി സ്വീകരിച്ചത് ഭഗവാന്‍ വിഷ്ണുവിനെയാണ്. വിവാഹത്തിനെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വിവാഹം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്ന യുവതി നാട്ടുകാരുടെ കുത്ത് വാക്ക് കേട്ട് മടുത്താണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് ഡിഎന്‍എ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്‍റെ വിവാഹത്തേക്കുറിച്ച് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്നതും ആശങ്കപ്പെടുന്നതും അവസാനിപ്പിക്കാനാണ് പൂജാ സിംഗ് ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. വിഷ്ണു ഭക്തയാണ് പൂജ. അതിനാല്‍ തന്നെയാണ് വിഷ്ണുവിനെ തന്നെ വരനായി സ്വീകരിച്ചതെന്നും പൂജ പറയുന്നു.
കുടുംബാംഗങ്ങളും ബന്ധുക്കളും പിന്നെ കുറച്ച് നാട്ടുകാരുമടക്കം 300 ഓളം പേരാണ് പൂജയുടെ വിവാഹത്തില് പങ്കെടുത്തത്. പ്രായ പൂര്‍ത്തിയായ ശേഷം ഏറെക്കാലമായി വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ ആധി പൂജയെ അലട്ടിയിരുന്നുവെന്നാണ് വീട്ടുകാരും പറയുന്നത്. വിവാഹിതയാവാനില്ലെന്ന പൂജയുടെ തീരുമാനത്തെ അടുത്ത ബന്ധുക്കള്‍ മാനിച്ചെങ്കിലും സമൂഹം അംഗീകരിക്കാതെ വരികയായിരുന്നു. ഇതോടെയാണ് വിഷ്ണുവിനെ വിവാഹം ചെയ്ത് പൂജ അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിട്ടത്. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ് പൂജ.
ബിഎസ്എഫ് ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് പക്ഷേ ഈ വിവാഹത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ മകളുടെ ആഗ്രഹത്തിന് അമ്മ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. കന്യാദാനം നടത്തിയതും അമ്മയാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിവാഹിതര്‍ തമ്മിലുളള കലഹം പതിവാകുന്ന കാഴ്ചയാണ് വിവാഹത്തിലുള്ള താല്‍പര്യം നഷ്ടമാകാന്‍ കാരണമായി പൂജ ചൂണ്ടിക്കാണിക്കുന്നത്.