'ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ പരിഭ്രാന്തരാകരുത്': അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

By Web Team  |  First Published Oct 27, 2024, 12:12 PM IST

ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി


ദില്ലി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്‍റെ 115ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മൻ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.

Latest Videos

undefined

ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കില്‍ വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണം. പൊലീസിലും വിവരങ്ങള്‍ കൈമാറണം. 

പരാതികള്‍ വ്യാപകമായതോടെ നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്‍റര്‍ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വീഡിയോ കോള്‍ വന്ന നിരവധി ഐഡികള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം എത്ര അറസ്റ്റ് നടന്നുവെന്നതടക്കം മറ്റ് വിവരങ്ങള്‍ പരസ്യമാക്കിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!