ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം വിടുമോ? മനസുതുറന്ന് കങ്കണ റൗണത്ത്

By Web Team  |  First Published May 19, 2024, 9:56 AM IST

കഴിവുള്ള നടിയാണ് താങ്കളെന്നും അഭിനയം വിടരുതെന്നും നിരവധി ചലച്ചിത്രകാരന്‍മാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കങ്കണ


മാണ്ഡി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബോളിവുഡ് താരം കങ്കണ റണൗത്താണ്. ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള കങ്കണ മാണ്ഡിയില്‍ നിന്ന് വിജയിച്ചാല്‍ അഭിനയം വിടുമോ എന്ന ചോദ്യം സജീവമാണ്. ഇതിന് കങ്കണ ഉത്തരം നല്‍കി.

'പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയം വിടും. കഴിവുള്ള നടിയാണ് താങ്കളെന്നും അഭിനയം വിടരുതെന്നും നിരവധി ചലച്ചിത്രകാരന്‍മാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനൊരു നല്ല നടിയാണ് എന്ന വിലയിരുത്തല്‍ കേള്‍ക്കുന്നത് അഭിമാനമാണ്' എന്നും ആജ്‌തക്കിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ റണൗത്ത് പറഞ്ഞു. 'ബോളിവുഡിലെ തിളക്കം രാഷ്ട്രീയത്തിലും ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. മാണ്ഡിയിലെ ജനങ്ങളും അവരുടെ സ്നേഹവുമാണ് എന്നെ മാണ്ഡിയില്‍ എത്തിച്ചത്. മാണ്ഡി ലോക്‌‌സഭ സീറ്റില്‍ നിന്ന് മത്സരിക്കുന്നത് അഭിമാനമാണ്'- മാണ്ഡിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെ നടി വ്യക്തമാക്കിയിരുന്നു. 

Latest Videos

അതേസമയം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പത്മശ്രീയും ലഭിച്ച എനിക്ക് മികച്ച എംപിക്കുള്ള പുരസ്‌കാരം കൂടി ലഭിച്ചാല്‍ സന്തോഷമാകുമെന്ന് കങ്കണ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലങ്ങളിലൊന്നാണ് മാണ്ഡി. കങ്കണ റണൗത്തിന്‍റെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിര്‍ സ്ഥാനാര്‍ഥി. ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകനാണ് വിക്രമാദിത്യ സിംഗ്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 2019ല്‍ വിജയിച്ച ബിജെപിയുടെ രാം സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഭാ സിംഗ് 8,766 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണ്ഡിയില്‍ നിന്ന് വിജയിച്ചിരുന്നു. 

Read more: ആസ്‌തി 91 കോടി, അഞ്ച് കോടിയുടെ സ്വര്‍ണം, ഡയമണ്ട്, ലക്ഷ്വറി കാറുകള്‍; വിവരങ്ങള്‍ വെളിപ്പെടുത്തി കങ്കണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!