സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം
ലഖ്നൗ: രാജ്യമാകെ ദീപാവലിയുടെ ആഘോഷ തിരക്കിലാണ്. അതിനിടയിലാണ് രാജ്യത്തിനാകെ അഭിമാനമായൊരു ദീപോത്സവത്തിന്‍റെ വാർത്ത പുറത്തുവരുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോർഡിലേക്കാണ് ഇടം സ്വന്തമാക്കിയത്. 22 ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിഞ്ഞത്. സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിൽ സൈനികരോടൊപ്പമാണ് ദീപാവലി ആഘോഷിക്കുകയെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ദീപാവലി ആശംസകളും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമടക്കമുള്ളവർ നേർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ
ദീപാവലി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ദീപാവലി ആശംസകൾ പങ്കുവെച്ചത്.
രാഷ്‌ട്രപതിയുടെ ദീപാവലി ആശംസ
വിവിധ മതസ്ഥരുടെയും വിശ്വാസികളുടെയും ആഘോഷദിനത്തിൽ എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കുന്നുവെന്നാണ് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചത്. ഇരുട്ടിന് മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും അനീതിയ്‌ക്കെതിരെ നീതിയും നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ദിനമാണിത്. ഒരു വിളക്കിന് മറ്റുള്ളവരെ പ്രകാശിപ്പിക്കാൻ കഴിയുമെന്നും രാഷ്‌ട്രപതി കുറിച്ചു.
മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ
ഐക്യത്തിന്റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
ഗവര്‍ണറുടെ ദീപാവലി ആശംസ
ജനമനസ്സുകളില്‍ ആഘോഷത്തിന്റെ ആനന്ദം പകരാനും വര്‍ധിച്ച ഐക്യബോധവും സ്‌നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെ. എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു.