ഡിസംബര്‍ ആറിനാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയത്.
ദില്ലി: പാരീസ് ദില്ലി വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ.
സീറ്റില്‍ മൂത്രമൊഴിച്ചയാള്‍ക്ക് എതിരെയും ടോയ്‍ലറ്റില്‍ സിഗരറ്റ് വലിച്ചയാള്‍ക്ക് എതിരെയും നടപടി എടുക്കാത്തതിനാണ് നോട്ടീസ്. ഡിസംബര്‍ ആറിനാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയത്.
മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനാണ് സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ദില്ലിയിൽ എത്തിയ ഇയാളെ വിമാനജീവനക്കാർ സിഐഎസ്എഫ് അധികൃതർക്ക് കൈമാറി. പിന്നീട് യുവതിയോട് ഇയാൾ മാപ്പ് പറഞ്ഞെന്നും, യുവതി നൽകിയ പരാതി പിൻവലിച്ച തോടെ മാപ്പ് എഴുതി നൽകി സംഭവം ഒത്തുത്തീർപ്പാക്കിയെന്നുമായിരുന്നു വിമാനത്താവള അധികൃതരുടെ വിശദീകരണം.
അതേസമയം കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്ക് പിന്നാലെ എയർ ഇന്ത്യ സിഇഒ ഡിജിസിഎ ഡയറക്ടർ ജനറലിനെ കണ്ടു. എയർലൈനിൻ്റെ ഭാഗത്ത് നിന്ന് ഭാവിയിൽ വീഴ്ചയുണ്ടാകില്ലെന്ന് സിഇഒ ക്യംപ്ബെൽ വിൽസൺ നേരിട്ടറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി എയർ ഇന്ത്യക്ക് ഡിജിസിഎ രണ്ട് കാരണം കാണിക്കൽ നോട്ടീസാണ് നൽകിയിരിക്കുന്നത്.