പാളങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത ശേഷം അട്ടിമറി നീക്കമെന്ന് പറഞ്ഞ് ഇവർ തന്നെ അതു കണ്ടെത്തി കയ്യടി നേടുകയായിരുന്നു.
സൂറത്ത്: ഗുജറാത്തിലെ ട്രെയിൻ അട്ടിമറി നീക്കത്തിന്‍റെ ചുരുളഴിഞ്ഞു. പ്രശസ്തിക്ക് വേണ്ടി മൂന്ന് റെയിൽവെ ജീവനക്കാർ തന്നെ നടത്തിയ നീക്കമാണെന്ന് വ്യക്തമായി. പാളങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത ശേഷം അട്ടിമറി നീക്കമെന്ന് പറഞ്ഞ് ഇവർ തന്നെ അതു കണ്ടെത്തി കയ്യടി നേടുകയായിരുന്നു. അംഗീകാരവും പാരിതോഷികവും നൈറ്റ് ഡ്യൂട്ടി ലഭിക്കലുമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സുഭാഷ് പൊദ്ദാർ (39), മനീഷ് മിസ്ത്രി (28), ശുഭം ജയ്‌സ്വാൾ (26) എന്നീ റെയിവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സൂറത്ത് റൂറൽ എസ്പി ഹോതേഷ് ജോയ്സർ പറഞ്ഞു.
കിം റെയിൽവേ സ്‌റ്റേഷനു സമീപം സെപ്തംബർ 21നാണ് സംഭവം നടന്നത്. പാളത്തിൽ റെയിലുകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത നിലയിലായിരുന്നു. പുലർച്ചെ 5.30 നാണ് പരിശോധനക്കിടെ ട്രെയിൻ 'അട്ടിമറി' നീക്കം മൂവരും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതേസമയം ഇവർ ഇക്കാര്യം അറിയിക്കുന്നതിന് തൊട്ടുമുൻപ് ഒരു ട്രെയിൻ പാളത്തിലൂടെ കടന്നുപോയിരുന്നു. ഈ ചുരുങ്ങിയ സമയത്തിൽ എങ്ങനെ പാളത്തിൽ ഇത്തരമൊരു നീക്കം നടന്നു എന്നതിൽ പൊലീസിന് സംശയം തോന്നി.
മൂവരുടെയും മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് നിർണായക തെളിവ് ലഭിച്ചത്. പുലർച്ചെ 2.56 മുതൽ 4.57 വരെ പല സമയങ്ങളിലായി റെയിൽവേ ട്രാക്കിന്‍റെ വീഡിയോകളും ഫോട്ടോകളും ജീവനക്കാർ ചിത്രീകരിച്ചതായി കണ്ടെത്തി. ഇവ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. അഭിനന്ദനവും പാരിതോഷികവും നൈറ്റ് ഷിഫ്റ്റും ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ പറഞ്ഞു. നൈറ്റ് ഷിഫ്റ്റ് കിട്ടിയാൽ പകൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്നും കൂടുതൽ അവധി കിട്ടും എന്നതായിരുന്നു മൂവരുടെയും കണക്കുകൂട്ടൽ.
രാജ്യത്തുടനീളം ട്രെയിൻ അട്ടിമറി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്. ട്രെയിൻ അട്ടിമറി സംബന്ധിച്ച് റെയിൽവേ അതീവ ജാഗ്രതയിലാണെന്നും സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായും ഡിജിപിമാരുമായും ആഭ്യന്തര സെക്രട്ടറിമാരുമായും ചർച്ച നടക്കുന്നുണ്ട്. അട്ടിമറി നീക്കം നടത്തുന്നർക്കെതിരെ കർശന നടപടിയെടുക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം