ഇന്ന് ആഗ്രയിൽ രേഖപ്പെടുത്തിയേക്കാവുന്ന ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും ഈ മേഖലയിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഇടതൂർന്ന കനത്ത മൂടൽ മഞ്ഞ് തുടരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ദേശീയ തലസ്ഥാനമായ ദില്ലി എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. മൂടൽ മഞ്ഞ് കാരണം ട്രെയിൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ളവ വൈകുന്നു. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞതിനാൽ വിമാന യാത്രക്കാർക്ക് എയർ ലൈനുകൾ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.
ആഗ്രയിലും മഥുരയിലും ഉത്തർപ്രദേശിലെ മറ്റ് പട്ടണങ്ങളിലും കനത്ത മൂടൽമഞ്ഞ് കാരണം ഗതാഗത തടസമുണ്ടായി. മൂടൽ മഞ്ഞിൽ സഞ്ചാരികൾക്ക് താജ്മഹൽ കൃത്യമായി കാണാൻ സാധിക്കുന്നില്ല. ഇന്ന് ആഗ്രയിൽ രേഖപ്പെടുത്തിയേക്കാവുന്ന ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും ഈ മേഖലയിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
രാജസ്ഥാനിലെ ജയ്പൂരിലും, അമൃത്സറിലും ഗതാഗത തടസം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാജസ്ഥാനിലെ ദൗസയിൽ, പ്രദേശത്ത് കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കാഴ്ച്ച കുറഞ്ഞതിനാൽ ബസും ട്രക്കും കൂട്ടിയിടിച്ച് 24 ഓളം പേർക്ക് പരിക്കേറ്റു. ഉജ്ജയിനിൽ നിന്ന് ഡൽഹിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന വോൾവോ ബസാണ് ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ വച്ച് അപകടത്തിൽപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം