1200 രൂപയുടെ ബില്ലിനെച്ചൊല്ലി തർക്കം, 400 രൂപ നൽകിയപ്പോൾ അപമാനം; ഡോക്ടറുടെ കൊലപാതകത്തിൽ മൊഴി പുറത്ത്

By Web Team  |  First Published Oct 5, 2024, 3:13 AM IST

തന്നെ അപമാനിച്ചതിലുള്ള പ്രതികാരമായാണ് എല്ലാം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പറയുന്നുണ്ട്. സഹായത്തിന് രണ്ട് സുഹൃത്തുക്കളെയും കൂട്ടി.


ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം ആശുപത്രിക്കുള്ളിൽ  ഡോക്ടർ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ 1200 രൂപയുടെ ബില്ലിനെച്ചൊല്ലിയുണ്ടായ തർക്കമെന്ന് മൊഴി. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ നടന്ന കൊലപാതകത്തിന് പിന്നാലെ പിടിയിലായ മുന്ന് കൗമാരക്കാരിൽ ഒരാളാണ് സംഭവങ്ങളുടെ സൂത്രധാരനെന്നും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബ‍ർ 20ന് രാത്രിയുണ്ടായ ഒരു അപകടത്തിൽ പരിക്കേറ്റതിന് ശേഷം ഇയാൾ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്രെ.

ഫരീദാബാദിൽ വെച്ചുണ്ടായ അപകടത്തിന് ശേഷമാണ് ഇയാൾ നിമ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോ. ജാവേദ് അക്തർ 1200 രൂപയുടെ ബില്ല് നൽകിയെന്നാണ് മൊഴി. തുക അധികമാണെന്ന് പറഞ്ഞ് അവിടെ തർക്കമുണ്ടായി. പിന്നാലെ 400 രൂപ കൊടുത്ത ശേഷം ഇയാൾ ഇറങ്ങിപ്പോയി. ഡോക്ടറും ആശുപത്രിയിലെ മറ്റ് ജീവനക്കാരും അപമാനിച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

Latest Videos

ഈ സംഭവത്തിന് ശേഷം ഏതാണ്ട് പത്ത് ദിവസത്തിന് ശേഷം ബാൻഡേജ് നീക്കം ചെയ്യാനായി ഒരു ബന്ധുവിനൊപ്പം വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാർ അന്ന് ചികിത്സ നിഷേധിച്ചുവെന്നും ഡോക്ടർ വീണ്ടും അപമാനിച്ചുവെന്നും മൊഴിലിയുണ്ട്. ഇതിന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നത്രെ. ഇവർ ചേർന്ന് ഒരു പിസ്റ്റളും സംഘടിപ്പിച്ചു.

യുവാവിന്റെ കൂട്ടുകാരിലൊരാൾ കൊലപാതകത്തിന് തലേദിവസം ആശുപത്രിയിൽ എത്തിയിരുന്നു. ഒരു പരിക്കുമായാണ് ഇയാൾ എത്തിയതെങ്കിലും കൊലപാതകത്തിനുള്ള ആസൂത്രണമായിരുന്നു ലക്ഷ്യം. പിറ്റേ ദിനസം ഡ്രസിങ് മാറ്റാനെന്ന പേരിൽ പിറ്റേദിവസം സംഘത്തിലെ മൂന്ന് പേരും വീണ്ടുമെത്തി. ഡ്രസിങിന് ശേഷം ഡോക്ടറുടെ മുറിയിലേക്ക് കയറി വെടിയുതിർക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രധാന സൂത്രധാരൻ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ ഉൾപ്പെടെ പോസ്റ്റിടുകയും ചെയ്തു. ഒടുവിൽ 2024ൽ കൊലപാതകം ചെയ്തിരിക്കുന്നു എന്നാണ് പോസ്റ്റിലുണ്ടായിരുന്നത്. റിമാൻഡിലായ മൂന്ന് പേരും ഇപ്പോൾ ഒബ്സർവേഷൻ കേന്ദ്രത്തിലാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!