ഒഴിവുസമയങ്ങളിലാണ് ലക്ഷ്മി മാസ്കുകൾ തുന്നുന്നത്. ദാസിന്റെ അമ്മാവനാണ് മാസ്ക് തയ്യാറാക്കാനുള്ള കോട്ടൺ തുണികൾ നൽകുന്നത്.
ദില്ലി: കൊവിഡ് 19 എന്ന മാഹാമാരി ലോകത്തെ കീഴടക്കിയതിന് പിന്നാലെ ജീവതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് മാസ്കുകൾ. അവ ധരിച്ചുകൊണ്ട് പുറത്തിറങ്ങണമെന്നാണ് സർക്കാരുകളും ആരോഗ്യപ്രവർത്തകരും ആളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ചില ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്ക് പിഴയും ഇടാക്കുന്നുണ്ട്. ഈ അവസരത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായി മാസ്കുകൾ നിർമ്മിച്ച് നൽകുകയാണ് ഒരമ്മയും മകനും.
സൗത്ത് ദില്ലി സ്വദേശികളായ സൗരവ് ദാസ് ഇയാളുടെ അമ്മ ലക്ഷ്മി എന്നിവരാണ് മറ്റുള്ളവർക്കും മാതൃകയാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. "പിക്ക് വൺ, സ്റ്റേ സേഫ്" എന്നാണ് ഇരുവരും ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ലക്ഷ്മിയാണ് മാസ്കുകൾ തയ്ക്കുന്നത്. ഇതിനോടകം 2000 മാസ്കുകൾ ഈ അമ്മയും മകനും വിതരണം ചെയ്തു കഴിഞ്ഞു.
"ഇവ വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ മാസ്കുകളാണ്. എല്ലാ ദിവസവും 25-40 ഓളം മാസ്കുകൾ നിർമ്മിച്ച് ചിത്തരഞ്ജൻ പാർക്കിലെ അഞ്ച് സ്ഥലങ്ങളിൽ ബോക്സുകളിൽ ഇടുന്നു. ഒരു രൂപ പോലും ചെലവഴിക്കാതെ പാവപ്പെട്ടവർക്ക് മാസ്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്" സൗരവ് ദാസ് പറയുന്നു.
ഒഴിവുസമയങ്ങളിലാണ് ലക്ഷ്മി മാസ്കുകൾ തുന്നുന്നത്. ദാസിന്റെ അമ്മാവനാണ് മാസ്ക് തയ്യാറാക്കാനുള്ള കോട്ടൺ തുണികൾ നൽകുന്നത്. സൗരവിന്റെയും അമ്മയുടെയും സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. സിനിമാട്ടോഗ്രാഫറായി ജോലി നോക്കുകയാണ് സൗരവ്.