ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ 41.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി
ദില്ലി: കൊടുംതണുപ്പിനൊപ്പം രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത മഴയും. ദില്ലിയിൽ 101 വർഷത്തിനിടെ ഡിസംബർ മാസത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കഴിഞ്ഞ ദിവസമാണ്.
ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ 41.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഡിസംബറിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ, 1923 ഡിസംബർ 3 നാണ് ഇതിന് മുൻപുണ്ടായത്. 75.7 മില്ലിമീറ്റർ മഴയാണ് അന്ന് പെയ്തത്. ദില്ലിയുടെ സമീപ പ്രദേശങ്ങളിലും ശനിയാഴ്ച മഴ പെയ്തു. താപനില കുത്തനെ 13 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
undefined
ഇന്ന് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്‌ക്കിടെ വായു ഗുണനിലവാരത്തിൽ കുറച്ച് പുരോഗതിയുണ്ട്, എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 179 ആണ് രേഖപ്പെടുത്തിയത്. മഴയെ തുടർന്ന് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ആർകെ പുരത്തെ സെക്ടർ-9 ലെ റോഡിന്‍റെ ഒരു ഭാഗം തകർന്നു. ദില്ലിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൽ ശീതക്കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, വിദർഭ, മധ്യമഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം