സംശയാസ്പദമായ കേസുകളിൽ മുൻകരുതലുകൾ എടുത്തുകൊണ്ട് ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം.
ദില്ലി: രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറെടുപ്പുകൾ വേഗത്തിലാക്കി ദില്ലി. എച്ച്എപിവി, മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് ദില്ലിയിലെ ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.
സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ, ലാബ് സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാൽ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐഎച്ച്ഐപി) പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. പാരസെറ്റമോൾ, ആൻ്റി ഹിസ്റ്റാമൈൻസ്, ബ്രോങ്കോഡിലേറ്ററുകൾ, കഫ് സിറപ്പുകൾ തുടങ്ങിയ മരുന്നുകളും ഓക്‌സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ കേസുകളിൽ മുൻകരുതലുകൾ എടുത്തുകൊണ്ട് ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണം.
ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP), നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC), ലോകാരോഗ്യ സംഘടന (WHO) എന്നിവയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ പ്രകാരം 2025 ജനുവരി 2 വരെ ഇന്ത്യയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദില്ലിയിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ ഡോ.വന്ദന ബഗ്ഗ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ഉന്നതതല യോഗം വിളിച്ചു.