ആദ്യം ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ഉണ്ടാക്കുകയും പിന്നീട് അതുപയോഗിച്ച് മറ്റുള്ള രേഖകളുണ്ടാക്കുകയും ഒടുവിൽ ഇതെല്ലാം ഉപയോഗിച്ച് പാസ്‍പോർട്ട് നേടുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രവർത്തനം.
ന്യൂഡൽഹി: വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണെന്നും വെള്ളിയാഴ്ച ഡൽഹി പൊലീസ് അറിയിച്ചു.
പിടിയിലായവരിൽ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണ്. മറ്റുള്ളവർ യാത്രക്കാരും. അനധികൃതമായി ഇന്ത്യൻ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ നിന്നെത്തിയ ശേഷം വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷ രംഗ്‍നാനി പറഞ്ഞു. പിടിയിലായ 13 ബംഗ്ലാദേശ് പൗരന്മാർക്ക് പുറമെ നാല് പേർ മ്യാൻമറിൽ നിന്നുള്ളവരും മൂന്ന് പേർ നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തിയവരും ഒരു അഫ്ഗാൻ പൗരനും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ ഏജന്റുമാരിൽ ഒൻപത് പേർ ബംഗാളിൽ നിന്നുള്ളവരാണ്. നാല് പേർ ഡൽഹിക്കാരും മൂന്ന് പേർ മഹാരാഷ്ട്രക്കാരും ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്. വിദേശികൾക്ക് വേണ്ടി ഇന്ത്യയിലെ ജനന സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകളാണ് ആദ്യം ഇവർ ഉണ്ടാക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് മറ്റ് രേഖകൾ നേടും. ഈ രേഖകൾ എല്ലാം സമർപ്പിച്ച് പാസ്‍പോർട്ട് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളെല്ലാം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. നേരത്തെ യുഎഇയിൽ നിന്നെത്തിയ ഒരു ബംഗ്ലാദേശ് പൗരന്റെ പക്കൽ നിന്ന് വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരന്മാർക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന സംഘം പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം