മതങ്ങള്‍ക്ക് മഹാമാരി സമയത്ത് ഇങ്ങനെ ചെയ്യാന്‍ അനുമതിയുണ്ടോ എന്ന കുറിപ്പോടെയായിരുന്നു ആളുകള്‍ നിസ്കരിക്കുന്ന പഴയ വീഡിയോ പര്‍വ്വേശ് പങ്കുവച്ചത്. വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുക്കുകയും വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ദില്ലി പൊലീസ് ഇടപെട്ടത്.
ദില്ലി: വ്യാജവീഡിയോ പങ്കുവച്ച് വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച ബിജെപി എംപിയ്ക്ക് ചുട്ട മറുപടിയുമായി ദില്ലി പൊലീസ്. പശ്ചിമ ദില്ലിയിലെ ബിജെപി എംപിയായ പര്‍വ്വേശ് സാഹിബ് സിംഗാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാജ വീഡിയോ പങ്കുവച്ചത്. നമാസ് ചെയ്യുന്ന മുസ്ലിമുകളുടെ വീഡിയോയാണ് തെറ്റിധരിപ്പിക്കുന്ന കുറിപ്പുമായി എംപി പങ്കുവച്ചത്.
കൂട്ടംകൂടി നിന്ന് ആളുകള്‍ നിസ്കരിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകും. മതങ്ങള്‍ക്ക് മഹാമാരി സമയത്ത് ഇങ്ങനെ ചെയ്യാന്‍ അനുമതിയുണ്ടോ എന്ന കുറിപ്പോടെയായിരുന്നു ആളുകള്‍ നിസ്കരിക്കുന്ന പഴയ വീഡിയോ പര്‍വ്വേശ് പങ്കുവച്ചത്. വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുക്കുകയും വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ദില്ലി പൊലീസ് ഇടപെട്ടത്. ഇത്തരം കിംവദന്തികള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് സത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ദില്ലി പൊലീസ് പര്‍വ്വേശിനോട് ട്വീറ്റിന് മറുപടിയായി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതോടെ ട്വീറ്റ് എംപി ഡിലീറ്റ് ചെയ്തു. എംപിയുടെ പെരുമാറ്റത്തിനെതിരെ എഎപി നേതാക്കള്‍ ശക്തമായി പ്രതികരിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാമാരി സമയത്ത് ബിജെപി നേതാക്കള്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലജ്ജിക്കണമെന്ന് എഎപി രാജ്യ സഭാ എംപി സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു. ആരോ അയച്ച് തന്ന വീഡിയോയാണ് അതെന്നും വ്യാജമാണെന്ന് മനസിലായതോടെ നീക്കം ചെയ്യുകയായിരുന്നെന്നും ബിജെപി എംപി പര്‍വ്വേശ് സാഹിബ് സിംഗ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഇത് തെറ്റായ വീഡിയോയാണെന്ന് ആളുകള്‍ക്ക് മനസിലായെന്നും തത്കാലത്തേക്ക് മറ്റ് നടപടികള്‍ എടുക്കുന്നില്ലെന്നുമാണ് ദില്ലി പൊലീസ് ഡിസിപി ജസ്മീത് സിംഗ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.