കഴിഞ്ഞ രണ്ടാഴ്ചയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം 44ൽ നിന്ന് 36 ശതമാനമായി കുറഞ്ഞത് കൊവിഡ് വ്യാപനം ഗുരുതരമായ നിലയിലെത്തി എന്നതിൻ്റെ സൂചനയാണ്.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് ശേഷമുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ഇതിനു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ആശുപത്രികളിലെ സാഹചര്യം വിലയിരുത്തി. ഇരുപതിനായിരം കിടക്കകൾ കൂടി തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇടപെടും.
ദില്ലിയിൽ കൊവിഡ് കേസുകൾ 38,958 ആയി ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നത്. രോഗബാധിതരിൽ 22, 742 പേരും നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ പകുതിയിൽ കൂടുതലും രോഗമുക്തി നേടാത്ത അസാധാരണ സാഹചര്യമാണ് ദില്ലിയിൽ നിലനിൽക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം 44ൽ നിന്ന് 36 ശതമാനമായി കുറഞ്ഞത് കൊവിഡ് വ്യാപനം ഗുരുതരമായ നിലയിലെത്തി എന്നതിൻ്റെ സൂചനയാണ്. ആശുപത്രികൾ നിറയുമ്പോൾ പലർക്കും ചികിത്സ കിട്ടുന്നില്ല. ഇത് പ്രതിഷേധങ്ങളിലേക്കും നയിക്കുന്നു.
വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി നിയന്ത്രണത്തിൽ ആക്കണമെന്ന നിർദ്ദേശം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആരോഗ്യമന്ത്രി ഹർഷവർദ്ധനും നൽകി.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ വിളിച്ച യോഗത്തിൽ ലഫ്റ്റനൻറ് ഗവർണ്ണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു. ദില്ലിയിൽ കേസുകൾ ഇനിയും ഉയരും എന്നാണ് ഈ യോഗത്തിലേയും വിലയിരുത്തൽ. ചികിത്സയ്ക്ക് 20000 കിടക്കകൾ എങ്കിലും വേണ്ടിവരും എന്നാണ് കരുതുന്നത്.
ഈ സൌകര്യം ഒരുക്കാൻ കേന്ദ്രം സംസ്ഥാനത്തെ സഹായിക്കും. ഇതിനായി കൂടുതൽ കെട്ടിടങ്ങൾ എറ്റെടുത്ത് ചികിത്സാ കേന്ദ്രങ്ങളാക്കും. വൈകിട്ട് മേയർമാരുടെ യോഗവും വിളിക്കും. എന്നാൽ ദില്ലിയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അജണ്ടയിൽ ഇല്ലെന്നാണ് ഇതുവരെയുള്ള സൂചന.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരത്തിനുള്ള മാനദണ്ഡം പുതുക്കുമെന്ന് അമിത് ഷാ അറിയിച്ചു. സംസ്കാരത്തിന് കാത്തിരിക്കേണ്ട സമയം ഉൾപ്പടെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.