ദേശീയ തലസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന ഘട്ടത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത് നീട്ടാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ സ്കൂളുകള്‍ വരുന്ന ജൂലൈ 31വരെ അടച്ചിടാന്‍ തീരുമാനമായി. ദില്ലി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. അതേ സമയം സ്കൂളുകള്‍ തുറന്നാലും ഈ അദ്ധ്യയന വര്‍ഷം സ്കൂളില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ 50 ശതമാനം കുറയ്ക്കാം എന്ന നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയായി എന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു.
ദേശീയ തലസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന ഘട്ടത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത് നീട്ടാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം രക്ഷിതാക്കളുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള പഠനപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുവനാണ് സര്‍ക്കാര്‍ തീരുമാനം.
കുട്ടികളെ ഭയചകിതരാക്കാതെ പുതിയ അവസ്ഥയില്‍ സ്കൂളുകളില്‍ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇത് കുട്ടികളെ കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ പഠിപ്പിക്കുന്നതായിരിക്കണം ദില്ലി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിച്ചു.
ദില്ലിയില്‍ വെള്ളിയാഴ്ച 3,390 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം 73,780 ആയി. 64 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ സംഭവിച്ചത്. ഇതുവരെ ദില്ലിയില്‍ കേന്ദ്ര സര്‍ക്കാര്‍ കണക്ക് പ്രകാരം കൊവിഡ് വന്ന് 2429 പേരാണ് മരിച്ചത്.