സഞ്ജീവനി യോജനയും മഹിളാ സമ്മാൻ യോജനയും നിലവിലില്ലെന്ന് വകുപ്പുകൾ, ദില്ലിയിൽ എഎപിക്ക് തിരിച്ചടി

By Web Team  |  First Published Dec 25, 2024, 11:54 AM IST

മുഖ്യമന്ത്രി അതിഷിയും പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളും ഉൾപ്പെടെയുള്ള എഎപി നേതാക്കൾ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും സഞ്ജീവനി യോജനയ്ക്കും മഹിളാ സമ്മാന് യോജനയ്ക്കും രജിസ്‌ട്രേഷൻ ആരംഭിച്ചെന്ന് പറയുകയും കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.


ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പുരോ​ഗമിക്കുന്നതിനിടെ, ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി സംസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ച സഞ്ജീവനി, മഹിളാ സമ്മാൻ പദ്ധതികൾ നിലവിലില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ നൽകുന്ന പ​ദ്ധതിയായ സഞ്ജീവനി യോജന, സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിളാ സമ്മാൻ യോജന എന്നിവ നിലവിലില്ലെന്ന് ആരോ​ഗ്യ, വനിതാ ശിശു വികസന വകുപ്പ് പരസ്യത്തിലൂടെ അറിയിച്ചു.  

സഞ്ജീവനി യോജന പദ്ധതി നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു പൊതു അറിയിപ്പിൽ പറഞ്ഞു. പദ്ധതിയുടെ പേരിൽ പ്രായമായ പൗരന്മാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ഒരു കാർഡും നൽകുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. മുഖ്യമന്ത്രി അതിഷിയും പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളും ഉൾപ്പെടെയുള്ള എഎപി നേതാക്കൾ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും സഞ്ജീവനി യോജനയ്ക്കും മഹിളാ സമ്മാന് യോജനയ്ക്കും രജിസ്‌ട്രേഷൻ ആരംഭിച്ചെന്ന് പറയുകയും കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് വകുപ്പുകൾ അറിയിപ്പുമായി രം​ഗത്തെത്തിയത്. ഈ പദ്ധതിയുടെ പേരിൽ ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പാർട്ടിയോ വിവരങ്ങൾ ശേഖരിക്കുന്നത് വഞ്ചനാപരമാണെന്നും വകുപ്പ് അറിയിച്ചു. 

Latest Videos

undefined

നിലവിലില്ലാത്ത ഈ സ്കീമിന് കീഴിൽ സൗജന്യ ചികിത്സയുടെ ആനുകൂല്യം നൽകുമെന്ന വാഗ്ദാനവുമായി ഒരു വ്യക്തി/സ്ഥാപനം നിങ്ങളെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്താൽ  സ്കീം കാർഡ് നിങ്ങൾക്ക് നൽകിയാൽ വിശ്വസിക്കരുതെന്നും ഇത്തരം പദ്ധതികൾ സർക്കാറിന് കീഴിൽ ഇല്ലെന്നും വകുപ്പ് വ്യക്തമാക്കി. മഹിളാ സമ്മാന് യോജന എന്ന പേരിൽ ഒരു പദ്ധതിയും വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വനിതാ ശിശുവികസന വകുപ്പും നോട്ടീസിൽ പറഞ്ഞു.

നോട്ടീസ് പുറത്തുവന്നതിന് പിന്നാലെ  കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കെജ്‌രിവാൾ രം​ഗത്തെത്തി. മഹിളാ സമ്മാന് യോജനയും സഞ്ജീവനി യോജനയും ബിജെപിയെ പ്രതിസന്ധിയിലാക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിഷിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. അതിന് മുമ്പ് മുതിർന്ന എഎപി നേതാക്കളെ റെയ്ഡ് ചെയ്യുമെന്നും കെജ്രിവാൾ പറഞ്ഞു. 

Read More... മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്

ദില്ലി സർക്കാരും കേന്ദ്രവും തമ്മിലുള്ള അധികാര തർക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. ദില്ലിയിലെ എല്ലാ വകുപ്പുകളുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ കേന്ദ്ര സർക്കാർ നിയമിച്ച ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. തലസ്ഥാനത്തെ സർവീസുകൾ ദില്ലി സർക്കാർ നിയന്ത്രിക്കുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചെങ്കിലും ഇത് മറികടക്കാൻ കേന്ദ്രം ഓർഡിനൻസും പിന്നീട് നിയമവും കൊണ്ടുവന്നിരുന്നു.   

Asianet News Live

click me!