വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയി, 'മിലോ ഓടിപ്പോയി'; ബൈക്കിൽ കെട്ടിവലിച്ച നായ ചത്തു

By Web Team  |  First Published Oct 29, 2024, 12:08 PM IST

ബൈക്കിലെത്തിയ രണ്ടുപേർ മിലോയെ ലീഷിൽ കെട്ടിവലിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനായത്.  രണ്ട് പേരിൽ ഒരാൾ പെറ്റ് ബോർഡിംഗിലെ ജീവനക്കാരനാണെന്ന് കുടുംബം ആരോപിച്ചു.


ദില്ലി: വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയ വൃദ്ധ ദമ്പതികൾ തിരികെയെത്തിയപ്പോൾ കാത്തിരുന്നത് വൻ ദുരന്തം. പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച നായകുട്ടിയെ ബൈക്കിൽ കെട്ടി വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഒടുവിൽ കണ്ടെത്തിയത് പരിക്കേറ്റ് മരിച്ച നിലയിൽ. ദില്ലിയിലെ  മയൂർ വിഹാറിലാണ് വളർത്ത് നായയെ ബൈക്കിൽ കെട്ടിവലിച്ചത്. നിവേദിത ഘോഷ് എന്ന വയോധികയുടെ മിലോ എന്ന് പേരുള്ള നായക്കുട്ടിയാണ് പെറ്റ് ബോർഡിംഗിലെ ജീവനക്കാരുടെ അനാസ്ഥമൂലം ചത്തത്.

വൃദ്ധ ദമ്പതികൾ തങ്ങളുടെ മകനെ കാണാൻ വഡോദരയിലേക്ക് പോകുന്നതിന് മുമ്പാണ് നോയിഡ ആസ്ഥാനമായുള്ള പെറ്റ് ബോർഡിംഗിൽ തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിയെ ഏൽപ്പിക്കുന്നത്. സ്വാതി ശർമ്മ എന്ന യുവതിയായിരുന്നു നടത്തിപ്പുകാരി. വഡോദരയിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് സ്വാതി ശർമ്മ തങ്ങളെ വിളിച്ച് മിലോ സുഖമായിരിക്കുന്നുവെന്നും തിരികയെത്തുമ്പോൾ ഒരു കോംപ്ലിമെന്‍ററി ഗ്രൂമിംഗ് സെഷൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും നായയുടെ ഉടമയായ നിവേദിത ഘോഷ് പറഞ്ഞു.

Latest Videos

undefined

എന്നാൽ വഡോദരയിലേക്ക് പോയതിന്‍റെ തൊട്ടടുത്ത ദിവസം മിലോ ചാടിപ്പോയെന്ന് പറഞ്ഞ് സ്വാതി ശർമ്മയുടെ ഫോൺ എത്തി. തിരികെയെത്തി മിലോയെ കണ്ടെത്താനായി കുടുംബം വ്യാപക തെരച്ചിൽ ആരംഭിച്ചു. എന്നാൽ നായകുട്ടിയെ കണ്ടത്താനായില്ലയ തുടർന്ന് പെറ്റ് ബോർഡിംഗ് നടത്തിപ്പുകാരിയായ സ്വാതി ശർമ്മയ്ക്കെതിരെ കുടുംബം പൊലീസിൽ പരാതിയും നൽകി. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം സ്വാതി ശർമ്മയ്‌ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തായത്.

ബൈക്കിലെത്തിയ രണ്ടുപേർ മിലോയെ ലീഷിൽ കെട്ടിവലിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനായത്.  രണ്ട് പേരിൽ ഒരാൾ പെറ്റ് ബോർഡിംഗിലെ ജീവനക്കാരനാണെന്ന് കുടുംബം ആരോപിച്ചു. മിലോയെ ബൈക്കിലാണ് അവർ കൊണ്ട് പോയത്, കാറിലാണ് പോയിരുന്നതെങ്കിൽ ചാടിപ്പോകില്ലായിരുന്നു. പെറ്റ് സ്റ്റേഷന്‍റെ അനാസ്ഥമൂലമാണ് തങ്ങളുടെ പ്രിയപ്പെട്ട നായ ചത്തത്. ദിവസേന 600 രൂപയാണ് മിലോയെ പരിപാലിക്കാൻ നൽകിയിരുന്നത്. മിലോ ബോർഡിംഗിൽ ഉണ്ടായിരുന്നപ്പോഴുള്ള സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. സുരക്ഷിതമായി നായക്കുട്ടിയെ നോക്കുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ അവരുടെ അനാസ്ഥമൂലം ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടമായി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Read More :  വിനോദയാത്രയ്ക്കിടെ ഒരേയിടത്തെ വിവിധ തട്ടുകടകളിൽ നിന്ന് മൊമോസ് കഴിച്ചവർ തളർന്നുവീണു, 31കാരിക്ക് ദാരുണാന്ത്യം

click me!