എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ പക്ഷിയിടിച്ചു, വിമാനം സുരക്ഷിതമായി ഇറക്കി

By Web Team  |  First Published Jun 15, 2024, 5:54 PM IST

യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം സംവിധാനം ഒരുക്കിയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.


ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പക്ഷിയിടിച്ചു. ദില്ലി-ഗ്വാളിയോര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഗ്വാളിയോര്‍ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പക്ഷി ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗ്വാളിയോര്‍-ബെംഗളൂരു സര്‍വീസ് വൈകിയതിനാല്‍ യാത്രക്കാര്‍ ഇവിടെ തുടരുകയാണ്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം സംവിധാനം ഒരുക്കിയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി. 

അതിനിടെ ദില്ലിയിൽ നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.20 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനത്തിന്റെ സര്‍വീസാണ് വൈകുന്നത്. യന്ത്രത്തകരാര്‍ എന്നാണ് യാത്രക്കാര്‍ക്ക് നൽകിയിരിക്കുന്ന വിശദീകരണം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!