മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി.
ദില്ലി: ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വൃക്ക നൽകുന്നത് മകൾ. ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖങ്ങളാൽ വലയുകയാണ് ലാലു. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മകൾ രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക നൽകാൻ സമ്മതമറിയിച്ചത്. ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകൾ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നവംബർ 20നും 24നും ഇടയിൽ ലാലു സിംഗപ്പൂരിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂരിലാണ് താമസിക്കുന്ന ലാലുവിന്റെ രണ്ടാമത്തെ മകൾ രോഹിണി താമസിക്കുന്നത്. ചികിത്സ സിംഗപ്പൂരിലേക്ക് മാറ്റിയതും രോഹിണിയുടെ നിർബന്ധപ്രകാരമായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് വർഷങ്ങളായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്. വൃക്ക മാറ്റിവെക്കാൻ എയിംസിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നില്ല. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നതെങ്കിലും ബിഹാർ രാഷ്ട്രീയത്തിൽ ഇടപെടാറുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അവർ.