ദളിത് വിഭാഗത്തിൽ നിന്നുള്ള അഭിഭാഷകൻ കൂടിയായ വരൻ കുതിരപ്പുറത്ത് വരുന്നതിന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം തേടിയത്.
പലൻപൂർ: വിവാഹത്തിന് വധുഗൃഹത്തിലേക്ക് കുതിരപ്പുറത്ത് എത്തിയാൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണി. ഒടുവിൽ 145 പൊലീസുകാരുടെ അകമ്പടിയിൽ വധുഗൃഹത്തിലേക്ക് കുതിരപ്പുറത്ത് എത്തി വരൻ. വ്യാഴാഴ്ച അഹമ്മദാബാദിലെ പലൻപൂരിലെ ബനാസ്കാന്താ ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാഗത്തിൽ നിന്നുള്ള അഭിഭാഷകൻ കൂടിയായ വരൻ കുതിരപ്പുറത്ത് വരുന്നതിന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം തേടിയത്.
ജനുവരി 22നായിരുന്നു 33 കാരനായ വരൻ വധു ഗൃഹത്തിലേക്ക് കുതിരപ്പുറത്ത് വരുന്നതിന് പൊലീസ് സംരക്ഷണം തേടിയത്. ഈ ഗ്രാമത്തിൽ കുതിരപ്പുറത്ത് വധുവിന്റെ വീട്ടിലേക്ക് എത്തുന്ന ആദ്യ വരൻ കൂടിയാണ് മുകേഷ് പരേച്ച എന്ന അഭിഭാഷകൻ. ദളിത് വിഭാഗത്തിലുള്ള യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് എത്തുന്നതിൽ ശക്തമായ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് പൊലീസ് വരനും കുതിരയ്ക്കും കനത്ത ബന്തവസ് ഒരുക്കിയത്.
മൂന്ന് സബ് ഇൻസ്പെക്ടർമാർ, പൊലീസ് ഇൻസ്പെക്ടർ എന്നവരുടെ അകമ്പടിയിലാണ് വരനെത്തിയത്. ബനാസ്കാന്താ ജില്ലാ കോടതിയിലെ അഭിഭാഷകനാണ് വരൻ. ഉദ്ദേശിച്ച രീതിയിൽ കുതിരപ്പുറത്ത് എത്തിയ ശേഷം കാറിലേക്ക് കയറിയപ്പോൾ ആരോ കല്ലെറിഞ്ഞതായാണ് വരൻ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കല്ലേറിൽ പരിക്കില്ലെന്നും ഇയാൾ വിശദമാക്കി. കല്ലേറ് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇൻസ്പെക്ടർ തന്നെ യുവാവിനെ കാറിൽ വീട്ടിലേക്ക് എത്തിച്ചുവെന്നും മുകേഷ് പരേച്ച വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം