ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം
ചെന്നൈ: തമിഴ്നാട്ടിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നൽകിയത്.
undefined
സംസ്ഥാനത്ത് വലിയ നാശമാണ് ഫിൻജാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയിൽ 12 പേർ മരിക്കുകയും 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും ചെയ്തു. ഇതോടൊപ്പം 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമിയും വെള്ളത്തിൽ മുങ്ങി. 9,500 കിലോമീറ്റർ റോഡുകൾ, 1,847 പാലങ്ങൾ, 417 ടാങ്കുകൾ, 1,649 കിലോമീറ്റർ വൈദ്യുതി കേബിളുകൾ, 23,664 വൈദ്യുതി പോസ്റ്റുകൾ, 997 ട്രാൻസ്ഫോർമറുകൾ, 4,200 അങ്കണവാടി കേന്ദ്രങ്ങൾ, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, 5,936 സ്കൂൾ കെട്ടിടങ്ങൾ, 381 കമ്യൂണിറ്റി ഹാളുകൾ, 623 വെള്ളവിതരണ പദ്ധതികൾ തുടങ്ങിയവയെല്ലാം നശിച്ചതായാണ് കണക്ക്.
അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. കോയമ്പത്തൂർ, നീലഗിരി , ദിണ്ടിഗൽ, തേനി അടക്കം 15 ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നേറിയിപ്പ്. വിഴുപ്പുറം, കടലൂർ, കൃഷ്ണഗിരി, തിരുവണ്ണാമലയ് ജില്ലകളിൽ എൻ ഡി ആർ എഫിന്‍റെ നേതൃത്വത്തിൽ ദുരിതശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. വിഴുപ്പുറത്ത് മാത്രം ദുരന്ത നിവാരണ സേനകളിലെ 400 പേർ ദൗത്യത്തിലുണ്ട്. നദികളിലെ വെള്ളം അപകടകരമായ നിലയിൽ തുടരുന്നതിനാൽ വിഴുപ്പുറം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല.
വിഴുപ്പുറം, തിരുവണ്ണമലയ്, സേലം, കള്ളക്കുറിച്ചി, പുതുച്ചേരി എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് ഇന്നും അവധി നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ തിരുവണ്ണാമലയിൽ ഇന്നലെ രാത്രി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശനം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം