വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; രണ്ട് മരണം, 22 പേർക്ക് പരിക്ക്, ഇരുട്ടിലായി 900 ഗ്രാമങ്ങള്‍

By Web Team  |  First Published Jun 16, 2023, 1:11 PM IST

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജാംനഗർ വിമാനത്താളവത്തില്‍ വ്യോമഗതാഗതം ഇന്നും ഉണ്ടാകില്ല. ഇതോടൊപ്പം 99 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.


ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തിലെ തീര മേഖലയില്‍ വ്യാപകനാശ നഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തകർന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി. അതേസമയം 125 കിലോ മീറ്റർ വേഗതയില്‍ വീശിയ ചുഴലക്കാറ്റിന്‍റെ തീവ്രത ഇപ്പോള്‍ നൂറില്‍ താഴെയായി കുറഞ്ഞു.

ഇന്നലെ വൈകിട്ട് ആറരയോടെ ഗുജറാത്ത് തീരം തൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടം വിതച്ചാണ് കടന്നുപോയത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന്  ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. നാലിയ, ജഖാവു, അബ്ദാസ, ദയാപൂര്‍ തുടങ്ങിയ കച്ചിലെ മേഖലകളിലാണ് ഏറ്റവും വലിയ നാശനഷ്ടം ഉണ്ടായത്. അഞ്ഞൂറിലധികം മരങ്ങള്‍ കടപുഴകി വീണെന്നാണ് കണക്ക്. പലയിടങ്ങളിലും വാഹനങ്ങള്‍ തകർന്നു. അതിർത്തി മേഖലകളില്‍ ആശയവിനിമയം സംവിധാനം തകർന്ന് കിടക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുന്നുണ്ട്. ചുഴലിക്കാറ്റിന് ഇന്ന് വൈകിട്ടോടെ  50- 60 കിലോമീറ്റ‍ർ വേഗതയായി കുറയുമെന്ന് ഐഎംഎഡി ഡയറക്ടർ ജനറല്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. 

Latest Videos

Also Read: 'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍

വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തക‍ർന്നതോടെ മുന്‍കരുതലായി പല മേഖലകളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രഭാഗം ഗുജറാത്ത് തീരത്തേക്ക് എത്തിയത്. 115 മുതല്‍ 125 കിലോമീറ്റർ വേഗതയായിരുന്നു കരയിലേക്ക് കയറുമ്പോള്‍ ചുഴലിക്കാറ്റിന്‍റെ വേഗം. ഗുജറാത്തില്‍ നിന്ന് ബിപോർജോയ് രാജസ്ഥാനിലേക്ക് നീങ്ങുന്നതിനാല്‍ ഇന്നും നാളെയും രാജസ്ഥാനില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തിയിരുന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജാംനഗർ വിമാനത്താളവത്തില്‍ വ്യോമഗതാഗതം ഇന്നും ഉണ്ടാകില്ല. ഇതോടൊപ്പം 99 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

click me!