നെല്ലൂരിലെ കൃഷ്ണപട്ടണം ഗ്രാമത്തിലെ ആയുര്‍വേദ ചികിത്സകനായ ബി ആനന്ദയ്യയാണ് കൊവിഡ് ഭേദമാക്കുന്ന അത്ഭുത മരുന്ന് എന്നവാദത്തോടെ മരുന്ന് സൌജന്യമായി വിതരണം ചെയ്യുന്നത്
കൊവിഡ് 19 ഭേദമാക്കുന്ന അത്ഭുത മരുന്നിനായി തടിച്ചുകൂടി ജനം. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ കൊവിഡ് ഭേദമാക്കുമെന്ന അവകാശവാദത്തോടെ വിതരണം ചെയ്യുന്ന അത്ഭുത മരുന്നിനായി കൂട്ടം കൂടിയത്. കൊവിഡ് 19 ഭേദമാക്കുമെന്ന പേരില്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്നിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
നെല്ലൂരിലെ കൃഷ്ണപട്ടണം ഗ്രാമത്തിലെ ആയുര്‍വേദ ചികിത്സകനായ ബി ആനന്ദയ്യയാണ് കൊവിഡ് ഭേദമാക്കുന്ന അത്ഭുത മരുന്ന് വിതരണം ചെയ്യുന്നത്. കൃത്യമായ പരിശീലനം നേടിയ ആളല്ല ആനന്ദയ്യ എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. സ്വന്തമായി നിര്‍മ്മിച്ച അത്ഭുത മരുന്ന് സൌജന്യമായാണ് വിതരണം ചെയ്യുന്നത്. വിജയവാഡയിലെ ഒരു ആയുര്‍വേദ ലാബില്‍ മരുന്നിന്‍റെ പ്രാഥമിക പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ റിസല്‍ട്ട് ഇനിയും വന്നിട്ടില്ല.
undefined
ഈ അത്ഭുത മരുന്ന് ഫലപ്രദമാണെന്നാണ് ഇവിടെ മരുന്നിനായി തടിച്ച് കൂടിയ പലരും അവകാശപ്പെടുന്നത്. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാവുന്നത് രോഗവ്യാപനം കൂട്ടുമെന്ന് നെല്ലൂര്‍ ജില്ലാ ഡിഎംഒ ഡോ രാജലക്ഷ്മി മുന്നറിയിപ്പ് നല്‍കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona