രാഷ്ട്രപതി തെരഞ്ഞെടുപ്പ്:  ​ഗുജറാത്തിൽ ക്രോസ് വോട്ട് 17, അസമിൽ 22; തലപുകഞ്ഞ് കോൺ​ഗ്രസ് 

By Web Team  |  First Published Jul 23, 2022, 8:14 AM IST

ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ നടന്ന ക്രോസ് വോട്ടിങ് കോൺ​ഗ്രസിന് ശുഭസൂചനയല്ല. മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത 17  കോൺഗ്രസ് എംഎൽഎമാരെ തിരിച്ചറിയാൻ ശ്രമങ്ങൾ നേതൃത്വം തുടങ്ങിയിട്ടുണ്ട്.


ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസ് കൂടുതൽ അങ്കലാപ്പിൽ. പാർട്ടിക്ക് സ്വാധീനമുള്ള നിരവധി സംസ്ഥാനങ്ങളിൽ ക്രോസ് വോട്ടിങ് നടന്നതാണ് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നത്. ​ഗുജറാത്തിൽ 17 എംഎൽഎമാർ പാർട്ടി നിലപാടിന് വിരുദ്ധമായി ദ്രൗപതി മുർമുവിന് വോട്ട് ചെയ്തു. അസമിൽ 22 പ്രതിപക്ഷ എംഎൽഎമാരാണ് ക്രോസ് വോട്ട് ചെയ്തത്. അതിൽ 17 കോൺ​ഗ്രസ് എംഎൽഎമാരെന്നാണ് സൂചന. 

പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി ആരാണെന്ന് കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് ​ഗുജറാത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് നിയമസഭയിൽ കോൺഗ്രസിന്റെ 96 വോട്ടിനെതിരെ 79 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, പാർട്ടിയുടെ നിലപാടിന് വിരുദ്ധമാ‌യി വോട്ട് ചെയ്ത 17 എംഎൽഎമാരെ തിരിച്ചറിയുക പ്രയാസമാണ്. അത് ആരുമാകാം. എന്നാൽ, ക്രോസ് വോട്ടിംഗിൽ ആദിവാസി എംഎൽഎമാരെ കുറ്റപ്പെടുത്തുമ്പോൾ തങ്ങൾ രക്ഷപ്പെടുമെന്ന് ചിലർ കരുതുന്നുണ്ടാകാമെന്നും കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. 

Latest Videos

നയം വ്യക്തമാക്കി കേന്ദ്രം; വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ തങ്ങളുടെ പാർട്ടിയുടെ വോട്ടെടുപ്പ് നിരീക്ഷകരെ അറിയിക്കേണ്ടതില്ല. ജാർഖണ്ഡിലും ക്രോസ് വോട്ടിങ് നടന്നു. അടുത്തയാഴ്ച റാഞ്ചിയിൽ പാർട്ടിയുടെ എല്ലാ എംഎൽഎമാരെയും വിളിച്ചുവരുത്തി പാർട്ടി ലൈനിനെ ധിക്കരിച്ചത് ആരാണെന്ന് കണ്ടെത്താൻ അവരുമായി നേരിട്ട് സംസാരിക്കുമെന്ന് ജാർഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. 

ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ നടന്ന ക്രോസ് വോട്ടിങ് കോൺ​ഗ്രസിന് ശുഭസൂചനയല്ല. മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത 17  കോൺഗ്രസ് എംഎൽഎമാരെ തിരിച്ചറിയാൻ ശ്രമങ്ങൾ നേതൃത്വം തുടങ്ങിയിട്ടുണ്ട്. എല്ലാ എംഎൽഎമാരുടെയും വിശ്വസ്തതയെ സംശയിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു. ഇപ്പോൾ ഒരു നടപടിയും എടുക്കുന്നില്ല. ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ താമസിയാതെ ബിജെപിയിലേക്ക് കൂറുമാറുമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. 

ആസാമിലാണ് ഏറ്റവും കൂടുതൽ ക്രോസ് വോട്ട് രേഖപ്പെടുത്തിയത്. 22 പ്രതിപക്ഷ എംഎൽഎമാരുടെ പിന്തുണ  മുർമുവിന് അനുകൂലമായി. എന്നാൽ ഇതിൽ എത്ര പേർ കോൺഗ്രസിൽ നിന്നുള്ളവരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. യുപിയിൽ, എസ്പിയുടെ അഞ്ച് എംഎൽഎമാർ മുർമുവിന് വോട്ട് ചെയ്തു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവപാൽ യാദവ് മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബാക്കിയുള്ള നാല് എംഎൽഎമാരെക്കുറിച്ച് വ്യക്തതയില്ല.

ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാളയത്തിലെ എട്ട് എംഎൽഎമാർ മുർമുവിന് ക്രോസ് വോട്ട് ചെയ്തു. ഒഡീഷയിൽ, കോൺഗ്രസ് എംഎൽഎ മുഹമ്മദ് മൊക്വിം മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം പിസിസി വെള്ളിയാഴ്ച അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരളത്തിലും ഒരം​ഗം ക്രോസ് വോട്ട് ചെയ്തു. 

click me!