കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലെ ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.
ദില്ലി: പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ മേല്‍ത്തട്ട് സംവരണം നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം വൈകിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന് വേണമെങ്കില്‍ ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലെ ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരം തിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. മേല്‍ത്തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നിര്‍ദ്ദേശം തള്ളി കേന്ദ്രം തീരുമാനമെടുത്തത്.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ അതി പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണത്തിന്റെ മെച്ചം കൂടുതല്‍ കിട്ടാന്‍ ഉപസംവരണം ആകാമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സര്‍ക്കാര്‍ തീരുമാനം വൈകിയെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ ബില്ലുകള്‍ കൊണ്ടു വന്ന് അവതരിപ്പിക്കുന്ന സര്‍ക്കാരിന് ഈ സമ്മേളന കാലത്ത് ഭേദഗതി കൊണ്ടുവരാമായിരുന്നുവെന്നും പിന്നാക്ക വിഭാഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമാണ് വ്യക്തമാകുന്നതെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.
കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലാവശ്യം. സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ചൂണ്ടിക്കാട്ടി. മേല്‍ത്തട്ടിന്‍റെ പേരിലുള്ള ഒഴിവാക്കല്‍ പാടില്ലെന്ന് എസ്എസി എസ്ടി വിഭാഗത്തിലുള്ള എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.