45 വയസിന് മുകളിലുള്ള എല്ലാവരും വാക്സീനെടുക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സീൻ നൽകും. കൂടുതൽ വാക്സീൻ മാർക്കറ്റിലെത്തിക്കും.
ദില്ലി: രാജ്യത്ത് നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 45 വയസിന് മുകളിലുള്ള എല്ലാവരും വാക്സീനെടുക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സീൻ നൽകും. കൂടുതൽ വാക്സീൻ മാർക്കറ്റിലെത്തിക്കും. വാക്സീനേഷനിലെ നിർണ്ണായക ചുവടുവെപ്പായിരിക്കുമിതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മൂന്നാംഘട്ടത്തിൽ കൂടുതൽ പേർക്ക് വാക്സീൻ നൽകാന്‍ തീരുമാനമെടുത്തതെന്നും പ്രകാശ് ജാവദേക്കർ ദില്ലിയിൽ വ്യക്തമാക്കി.
60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവർക്കുമാണ് നിലവിൽ വാക്സീൻ നൽകുന്നത്. വാക്സീനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് നിർണായക പ്രഖ്യാപനം. മൂന്നാംഘട്ടത്തില്‍ അർഹരായവർ വാക്സിനേഷന് ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ നിര്‍ദ്ദേശിച്ചു. നാലരക്കോടിയിലധികം പേർ ഇതിനോടകം വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങളിൽ ഒരിളവും പാടില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.മഹാരാഷ്ട്രയ്ക്ക് പുറമെ പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് രൂക്ഷമാണ്. കൊവിഡിൻറെ ബ്രിട്ടണ്‍ വകഭേദം പഞ്ചാബില്‍ കൂടുതല്‍ യുവാക്കളിലേക്ക് പകരുന്നതിലെ ആശങ്ക മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നാംഘട്ട വാക്സിനേഷന്‍ അടിയന്തരമായി തുടങ്ങാന്‍ കേന്ദ്രം തീരുമാനിച്ചത്.