ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിൻ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
ദില്ലി: രാജ്യത്ത് ഒരു ദിവസം കൊണ്ടു വാക്സിൻ വിതരണം ഒരു കോടി കടന്നു. ഇന്ന് മാത്രം ഒരു കോടിയിലധികം വാക്സിൻ വിതരണം നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണം ചെയ്യുന്നവരെയും വാക്സിൻ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ന് 1,00,63 ,931 ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായാണ് കണക്ക്. ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിൻ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. പുതിയ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെയും കഴിവിന്റെയും പ്രതിഫലനമാണ് ഇന്നത്തെ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. കൊവിഡിനോട് എങ്ങനെ പൊരുതാമെന്ന് പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യ ഇതുവരെ 62,09,43,580 വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight