പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാല്പതിനായിരത്തിന് മുകളിൽ‌; 930 മരണം; രോ​ഗമുക്തി നിരക്ക് 97.18

By Web Team  |  First Published Jul 7, 2021, 9:56 AM IST

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. 


ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 മരണമാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം ഉണ്ടായത്. രോ​ഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ‌ രോ​ഗമുക്തരായത്. നിലവിൽ 4,59,920 പേരാണ് ചികിത്സയിലുള്ളത്. 

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്. 

Latest Videos

undefined

ഫൈസർ വാക്സീൻ ഇന്ത്യയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നു എന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിക്കുന്നതിനിടെ  ഫൈസർ അടിയന്തര അനുമതിക്ക് അപേക്ഷിച്ചില്ല എന്ന വിവരം പുറത്തു വന്നിരുന്നു. ഡിസിജിഐ രണ്ട് തവണ കത്ത് അയച്ച് ആവശ്യപ്പെട്ടിട്ടും ഫൈസർ ഇതുവരെ അടിയന്തര അനുമതിക്ക് അപേക്ഷ നൽകിയിട്ടില്ല. വാക്സീൻ നൽകിയവരിൽ ഉണ്ടാവാൻ ഇടയുള്ള പാർശ്വഫലങ്ങൾക്ക് നഷ്ടപരിഹാരം കമ്പനി വഹിക്കണം എന്നതുൾപ്പടെയുള്ള നിബന്ധനകളിൽ ഇളവ് അനുവദിച്ചാൽ സെപ്തംബറോടെ വാക്സീൻ രാജ്യത്തത്തിക്കാൻ തയ്യാറാണെന്ന് നേരത്തെ ഫൈസർ അറിയിച്ചിരുന്നു.  

അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.  എന്നാൽ നിലവിൽ ശരാശരി നാല് ലക്ഷം പേർക്ക് മാത്രമാണ് പ്രതിദിനം വാക്സീൻ  നൽകുന്നത്. കൂടുതൽ വാക്സീൻ ലഭ്യമാക്കി വാക്സിനേഷന്റെ വേഗത കൂട്ടാനാണ് കേന്ദ്രത്തിൻറെ ശ്രമം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!