9887 പേർക്കാണ് ഇന്ത്യയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 6642 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്.
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 9887 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 6642 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്. രാജ്യത്ത് 2,43,733 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 82968 ആയി. പുതുതായി 2739 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 120 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ 2969 കൊവിഡ് മരണമാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
ഉംപുൺ രക്ഷാപ്രവർത്തനങ്ങൾക്കായി പശ്ചിമബംഗാളിൽ പോയി തിരികെയെത്തിയ എൻഡിആർഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേർക്ക് സ്രവപരിശോധന നടത്തുകയായിരുന്നു.
1320 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിൽ രോഗബാധിതരുടെ എണ്ണം 27654 ആയി. ഇവിടെ 761 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 19617 ആയി. 24 മണിക്കൂറിനിടെ 498 പേർക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടിൽ ആശങ്ക വർധിപ്പിച്ച് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 1458 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 30152 ആയി. മരണനിരക്കും കൂടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 19 പേരാണ് മരിച്ചത്. മരിച്ച 19 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 251 ആയി. ചെന്നൈയിൽ മാത്രം രോഗബാധിതർ 20993 ആയി. കോയമ്പത്തൂർ, കന്യാകുമാരി, തെങ്കാശി അതിർത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടി.
Read Also: ഇന്ത്യയില്‍ കൊവിഡ് വ്യാപനം സെപ്റ്റംബര്‍ പകുതിയോടെ അവസാനിച്ചേക്കുമെന്ന് വിദഗ്ധര്‍...