24 മണിക്കൂറിനിടെ 137 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,25,101 ആയി. 24 മണിക്കൂറിനിടെ 6654 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 137 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി.
ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ ദേശീയ ഹരിത ട്രിബ്യൂണൽ ഓഫീസ് അടച്ചു. മെയ് 19നാണ് ഈ ഉദ്യോഗസ്ഥൻ അവസാനമായി ഓഫീസിലെത്തിയത്. തുടർന്ന് രോഗലക്ഷണങ്ങളോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻകരുതലെന്ന നിലയിൽ എല്ലാ ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു. ദില്ലി എംയിസിനു സമീപമുള്ള ഷെൽട്ടർ ഹോമിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാൻസർ രോഗത്തിന് ഉൾപ്പടെ ചികിത്സക്കായി എത്തിയവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
അതിനിടെ, സിക്കിമിൽ സ്കൂളുകൾ ജൂൺ 15 മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ എൻ ലെപ്ചാ അറിയിച്ചു. സ്കൂളുകളും കോളേജുകളും ജൂൺ 15ന് തുറക്കും. സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ ഉണ്ടാവില്ല. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ രാവിലെ അസംബ്ലി ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
രണ്ടുമാസത്തിനു ശേഷം മുംബൈ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇന്നലെ ബസ്സുകൾ നിരത്തിലിറക്കിയിരുന്നു. റെഡ് സോണുകളിലുൾപ്പടെ ഉള്ള റൂട്ടുകളിലൂടെ 11000 യാത്രക്കാർ ഇന്നലെ ബസ്സിൽ യാത്ര നടത്തിയതായി മുംബൈ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.