കൂടാതെ കോവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ലബോറട്ടറികൾ അലസത പ്രകടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുംബൈ: സംസ്ഥാനത്തെ ഓരോ ജില്ലകളിലും വിദഗ്ധരായ ഡോക്ടേഴ്സിനെ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവർത്തന സംഘത്തെ വിന്യസിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ കളക്ടർമാരോട് ആവശ്യപ്പെട്ടു. 36 ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് നിർദ്ദേശം. കൊവിഡ് രോഗികളെ കൃത്യസമയത്ത് തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. കൊറോണ വൈറസിനെതിരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ കളക്ടർമാർ, റവന്യൂ കമ്മീഷണേഴ്സ്, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരുമായി താക്കറേ വീഡിയോ കോൺഫറൻസിംഗ് നടത്തിയിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ സംസ്ഥാനതല പ്രതിരോധ സംഘം വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ കൊറോണ രോഗികൾക്ക് പൂർണ്ണ സൗഖ്യം നേടാൻ സാധിക്കുമെന്നും ഉദ്ധവ് താക്കറേ ഉറപ്പ് നൽകി. പ്രായാധിക്യം മൂലമോ ആരോഗ്യ പ്രശ്നങ്ങൾ മൂലമോ രോഗികൾക്ക് ചികിത്സ നൽകാൻ മുതിർന്ന ഡോക്ടേഴ്സിന് സാധിക്കാത്ത പക്ഷം ജൂനിയറായ ഡോക്ടേഴ്സിനെ ചികിത്സയ്ക്കായി നിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് ആവശ്യമായി മാർഗനിർദ്ദേശങ്ങൾ നൽകുകയും വേണം.
കൂടാതെ കോവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ലബോറട്ടറികൾ അലസത പ്രകടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനകം പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണം. കാലതാമസം വന്നാൽ ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.