മൃതദേഹത്തിന് അരികിലിരുന്ന് കണ്ണീർ പൊഴിച്ച യുവതിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആയില്ല.
ഇംഫാല്‍: മരണമടഞ്ഞ അച്ഛനെ അവസാനമായി കാണാൻ നിർബന്ധിത ക്വാറന്റീനിൽ നിന്ന് മകൾ എത്തി. മണിപ്പൂരിലെ കാങ്‌പോകിയിലാണ് സംഭവം. 22 വയസ്സുകാരിയായ അഞ്ജലിയാണ് അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. അരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ച 3 മിനിറ്റ് മൃതദേഹത്തിന് അരികിൽ ചെലവഴിച്ച ശേഷമായിരുന്നു അഞ്ജലിയുടെ മടക്കം.
ശ്രമിക് ട്രെയിനില്‍ ചെന്നൈയില്‍ നിന്നും മെയ് 25നാണ് അഞ്ജലി നാട്ടിൽ തിരിച്ചെത്തിയത്. പിന്നാലെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആയിരുന്നു പിതാവിന്റെ മരണം. ആരോഗ്യവകുപ്പ് അധികൃതരിൽ നിന്ന് പ്രത്യേക അമുമതി വാങ്ങിയാണ് അഞ്ജലി അച്ഛനെ കാണാൻ വീട്ടിൽ എത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പിപിഇ കിറ്റ് അടക്കം എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചായിരുന്നു അഞ്ജലി എത്തിയത്. മൃതദേഹത്തിന് അരികിലിരുന്ന് കണ്ണീർ പൊഴിച്ച യുവതിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആയില്ല. ഹൃദയഭേദകമായ കാഴ്ചയ്ക്കായിരുന്നു മരണവീടും നാട്ടുകാരും സാക്ഷ്യം വഹിച്ചത്.